ദുബായ്- മലയാളിയെ സ്‌നേഹിച്ച യു.എ.ഇക്ക് നന്ദിപഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1973 ഡിസംബര്‍ 31നാണ് യു.എ.ഇയില്‍ എത്തിയത്. ദുബായില്‍ കപ്പല്‍ ഇറങ്ങിയ ശേഷം അബുദാബിയിലേക്കു പോയി. അന്നുമുതല്‍ സ്ഥിരതാമസം അബുദാബിയിലാണ്. യു.എ.ഇയില്‍ എത്തിയിട്ട് ഈ മാസം 31ന് 50 വര്‍ഷം തികയും. ഈ കാലഘട്ടത്തിലുള്ള എല്ലാ ദേശീയദിന ആഘോഷത്തിലും പങ്കെടുത്തിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ ഈ വര്‍ഷവും പങ്കെടുക്കും.
മലയാളികള്‍ക്ക് ജോലിചെയ്യാനും കച്ചവടംചെയ്യാനും മിച്ചംവരുന്ന തുക യാതൊരു ബുദ്ധിമുട്ടുംകൂടാതെ സ്വന്തം രാജ്യത്തേക്കയക്കാനും അനുവാദം തരുന്ന വിശാലഹൃദയരായ ഭരണാധികാരികളാണ് യു.എ.ഇയില്‍ ഉള്ളത്. മലയാളികളെ ഇവര്‍ക്ക് വിശ്വാസവും സ്‌നേഹവുമാണ്. എല്ലാ കൊട്ടാരങ്ങളിലും മലയാളികളുണ്ട്. ലോകത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് യു.എ.ഇയിലാണ്.
എന്നെ പോലെ ഇവിടെ എത്തുന്ന മലയാളികള്‍ക്ക് എല്ലാ സഹായവും ഈ രാജ്യം ചെയ്യുന്നുണ്ട്. സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും മലയാളികളുടെ പേരിലും അവരോട് എപ്പോഴും നന്ദി പറയാറുണ്ട്. യു.എ.ഇ സാമ്പത്തികമായി ശക്തമായി വളരട്ടെ. കാരണം ഈ സമ്പദ്‌വ്യവസ്ഥ വളരേണ്ടത് പ്രധാനമായും നമ്മുടെ ആവശ്യമാണ്. ഈ രാജ്യം നമുക്ക് തന്ന എല്ലാ കാര്യത്തിനും നന്ദി പറഞ്ഞ് ദേശീയദിനം ആഘോഷിക്കാം- യൂസുഫലി പറഞ്ഞു.
ദേശീയദിനം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും യു.എ.ഇ ഭരണാധികാരികള്‍ക്കും അദ്ദേഹം ദേശീയദിനാശംസകള്‍ നേര്‍ന്നു.