ന്യൂഡൽഹി - നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കോൺഗ്രസ് ദേശീയ നേതൃത്വം. മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ താൽക്കാലികമാണെന്നും മറികടക്കുമെന്നും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാൽ, നിശ്ചയദാർഢ്യത്തോടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും ഖാർഗെ വ്യക്തമാക്കി.
ഇന്ത്യ മുന്നണി രൂപീകരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിലുണ്ടായ പരാജയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത പ്രഹരമാണ്. കോൺഗ്രസിന്റെ കൈയിലുള്ള രാജസ്ഥാനും ഛത്തിസ്ഗഢും ബി.ജെ.പി പിടിച്ചെടുത്തപ്പോൾ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് കരുതിയ മദ്ധ്യപ്രദേശിൽ ബി.ജെ.പി ഭരണത്തുടർച്ച നേടുകയും ചെയ്തു. എന്നാൽ, കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാനയിൽ ബി.ആർ.എസിനെയും ബി.ജെ.പിയെയുമെല്ലാം തറപറ്റിച്ച് അധികാരം പിടിച്ചെടുക്കാനായതാണ് കോൺഗ്രസിന്റെ ഏക നേട്ടം. നാളെയാണ് മിസ്സോറാമിലെ ഫലം അറിയുക.