ഇടുക്കി- കനത്തമഴയെ തുടര്‍ന്നുള്ള ശക്തമായ നീരൊഴുക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരാനിടയാക്കി. പരമാവധി 142 അടി വരെ ജലനിരപ്പ് വഹിക്കുന്ന അണക്കെട്ടില്‍ 138 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. നീരൊഴുക്ക് തുടരുന്നുണ്ട്. ഇതോടെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മുന്നറിയിപ്പു നല്‍കി. തമിഴ്‌നാട് ദുരിതാശ്വാസ കമ്മീഷറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്ക മുല്ലപ്പെരിയാര്‍ ഡാം തുറന്ന് നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്കൊഴുക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. മുല്ലപ്പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാല്‍ വണ്ടിപ്പെരിയാല്‍ ചാപ്പാത്തു വഴി ഇടുക്കി അണക്കെട്ടിലാണ് വെള്ളമെത്തുക. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരാണ് തീരുമാനമെടുക്കുക. മുല്ലപ്പെരിയാറിന്റെ തീരത്തു നിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. മുല്ലപ്പെരിയാര്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ചൊവ്വാഴ്ച തുറന്നു. ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു ഷട്ടറുകള്‍ അടച്ചിരുന്നു. ഇവയാണ് ഒരു മീറ്റര്‍ തുറന്നത്. മറ്റു മൂന്നു ഷട്ടറുകള്‍ 1.4 മീറ്റര്‍ ആക്കി ഉയര്‍ത്തി. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലീറ്റര്‍ എന്നത് ആറു ലക്ഷം ലക്ഷം ലീറ്ററായി. ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2397.32 അടിയാണ്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.