ജിദ്ദ- സിനിമക്ക് ഭൂമി ശാസ്ത്ര പരമായ അതിരുകളില്ലെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരൺ ജോഹർ. ജിദ്ദയിൽ റെഡ് സീ ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകൾ ഹിന്ദിയിലുള്ളതാണെന്നും അതസമയം, തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളെയും ഏറെ ഇഷ്ടത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഏറ്റവും കൂടുതൽ സംവിധാനം ചെയ്തത് ഹിന്ദി സിനിമകളാണ്. പ്രണയമാണ് അടിസ്ഥാനരമായ വിഷയം. അടുത്ത വർഷം വരാനിരിക്കുന്ന സിനിമയും പ്രണയമാണ്. ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രിയം തോന്നുന്നത് തമിഴ് സിനിമകളോടാണ്. പ്രത്യേകിച്ച് മണി രത്‌നത്തിന്റെ സിനിമകൾ. സിനിമയിലെ വഴികാട്ടി സ്വന്തം പിതാവ് യാഷ് ജോഹറാണ്. രാജ്കപൂറാണ് സിനിമയിലെ മെന്റർ. പുതിയ നിരവധി താരങ്ങളെ അവതരിപ്പിക്കാനായി. ഇന്ത്യൻ സിനിമകൾ ലോകത്ത് എവിടെയും സ്വീകരിക്കപ്പെടുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവെലിൽ എന്റെ പേര് നിരവധി പേർ വിളിച്ചത് അത്ഭുതമായിരുന്നുവെന്നും കരൺ ജോഹർ പറഞ്ഞു.