Sorry, you need to enable JavaScript to visit this website.

ബൈത്തുസകാത്ത് കേരള സ്വയംതൊഴിൽ പദ്ധതി പ്രഖ്യാപനവും തൊഴിലുപകരണ വിതരണവും നടത്തി

പെരിന്തൽമണ്ണയിൽ നടന്ന ബൈത്തുസ്സകാത് കേരള സ്വയംതൊഴിൽ പദ്ധതികളുടെ പ്രഖ്യാപന വേദിയിൽ 32 പേർക്കുള്ള ഓട്ടോകളുടെ വിതരണോദ്ഘാടനം വണ്ടൂർ ഏരിയ കോ-ഓർഡിനേറ്റർ മൻസൂറിന് നൽകി നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കുന്നു. 
  • 32 ഓട്ടോറിക്ഷകളും ബോട്ട് എഞ്ചിനും വഞ്ചിയും വലയും വിതരണം ചെയ്തു

പെരിന്തൽമണ്ണ : ഇസ്‌ലാമിലെ സകാത്ത് ധനികന്റെ ഔദാര്യമല്ലെന്നും ദരിദ്രന്റെ അവകാശമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര ശൂറ അംഗം എം.ഐ. അബ്ദുൽ അസീസ്. സകാത്ത് വാങ്ങുന്നവർ അടുത്ത വർഷം സകാത്ത് നൽകാൻ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ശിഫ കൺവൻഷൻ സെന്ററിൽ ബൈത്തുസകാത്ത് കേരളയുടെ സ്വയംതൊഴിൽ പദ്ധതി പ്രഖ്യാപനം നടത്തി  സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സമ്പന്നരിൽനിന്ന് അധികാരപ്പെട്ടവർ ധനം പിടിച്ചെടുത്ത് അർഹർക്ക് നൽകുന്നതാണ് സകാത് സംവിധാനമെന്നും അത് നൽകുന്നവന്റെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അവകാശം കൈപ്പറ്റുന്ന ആത്മാഭിമാനത്തോടെയാണ് അർഹർ ഇത് കൈപ്പറ്റേണ്ടത്.
ഇസ്‌ലാമിക വിശ്വാസത്തിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ട നമസ്‌കാരംപോലെയാണ് വിശ്വാസികൾക്ക് സകാത്. ഭരണകൂടമാണിത് ചെയ്യേണ്ടതെന്ന് പറയുന്നവർ നിർബന്ധിത നമസ്‌കാരത്തിന്റെ കാര്യത്തിൽ ഈ നിലപാടെടുക്കാറില്ല. കൃത്യമായ പരിശോധനകൾക്ക് വിധേയമായാണ് ബൈത്തുസ്സകാത് പ്രവർത്തനം. ഒരു രൂപ പോലും സംഘടന പ്രവർത്തനത്തിന് അതിൽനിന്ന് വിനിയോഗിച്ചിട്ടില്ലെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.

സ്വത്ത് സ്വകാര്യമെന്നത് മാറ്റി ദൈവത്തിന്റെതാണെന്നും അതിന്റെ കൈകാര്യകർത്താവാണ് മനുഷ്യരെന്നുമുള്ള സമീപനമാണ് സകാത്ത് മുമ്പോട്ട് വെക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബൈത്തുസകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബൈത്തുസ്സകാത്, പീപ്പിൾസ് ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ധനവിനിയോഗവും അദ്ദേഹം വിശദീകരിച്ചു. 2000 ഒക്ടോബറിൽ ആരംഭിച്ച കേരള ബൈത്തുസ്സകാതിന്റെ പ്രവർത്തനം ധനത്തിന്റെ ഉടമ പ്രപഞ്ച സൃഷ്ടാവാണെന്നും കൈകാര്യ കർത്താവ് മാത്രമാണ് മനുഷ്യനെന്നുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽനിന്നുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം എന്നിവക്കും സഹായം നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു. 

സ്വയംതൊഴിൽ സംരംഭമായി ഓട്ടോറിക്ഷ വിതരണം നജീബ് കാന്തപുരം എം.എൽ.എ വണ്ടൂർ ഏരിയ കോ-ഓർഡിനേറ്റർ മൻസൂറിന് നൽകി നിർവഹിച്ചു. 32 പേർക്കാണ് ഓട്ടോറിക്ഷകൾ വിതരണം ചെയ്തത്. സമ്പത്ത് കുന്നുകൂടുന്നതാണ് കാല ഘട്ടത്തിന്റെ വലിയ പ്രശ്‌നമെന്നും സമ്പത്തിന്റെ വിനിമയം മനുഷ്യപക്ഷത്തേക്ക് കേന്ദ്രീകരിക്കണമെന്നും ഇസ്‌ലാമിക സാമ്പത്തികക്രമം അതാണ് വിഭാവന ചെയ്യുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ഏതുവിധേനയും ലാഭമുണ്ടാക്കുകയെന്ന മുതലാളിത്ത കച്ചവട താൽപര്യത്തിന് നേർവിരുദ്ധമാണ് ഈ സാമ്പത്തിക ക്രമം. സഹായം വാങ്ങുന്നവർ എന്നും വാങ്ങിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിന് മാറ്റം വരുന്ന രീതിയിലുള്ള ഇത്തരം പദ്ധതികൾ പ്രോത്സാഹനജനകമാണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വഞ്ചിയും വലയും വിതരണോദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ നിർവഹിച്ചു. ബോട്ട് എൻജിൻ വിതരണോദ്ഘാടനം വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് അബ്ദുൽ ഹമീദ് വാണിയമ്പലം നിർവഹിച്ചു. ചെറുകിട സംരംഭ വിതരണോദ്ഘാടനം കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീൻ നിർവഹിച്ചു. 

ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡൻറ് ഡോ. നഹാസ് മാള സമാപന പ്രസംഗം നടത്തി. ടി.പി. സാലിഹ് കുന്നക്കാവ് ഖിറാഅത്ത് നടത്തി. പ്രോഗ്രാം കൺവീനർ കെ.പി. അബൂബക്കർ സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോ-ഓർഡിനേറ്റർ കെ. അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.


 

Latest News