കൊല്ലത്തെ ഒയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളൊക്കെ പിടിയിലായ സാഹചര്യത്തിൽ ഇനി മറ്റു ചിലരെ കുറിച്ച് പറയാം. കൊല്ലത്തു തന്നെയുള്ള ഷാജഹാനെന്ന മനുഷ്യന്റെ വീട് തകർത്തവരെ കുറിച്ച്.
പോലീസ് പുറത്തുവിട്ട രേഖചിത്രത്തിലുള്ള ആളോട് സാമ്യമുള്ളതിനാൽ ഷാജഹാനേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കേട്ടപാതി കേൾക്കാത്ത പാതി ഷാജഹാനാണ് പ്രതിയെന്നും പറഞ്ഞ് ഒരു കൂട്ടം കീടങ്ങൾ ഇയാളുടെ ചന്ദനത്തോപ്പിലുള്ള കൂര അടിച്ചു തകർത്തു. പേരും വേഷവും നോക്കി ആളുകളെ തിരിച്ചറിയാൻ നടക്കുന്ന പ്രത്യേക തരം വികാര ജീവികളാണ് ഈ കീടങ്ങളെന്നാണ് പറയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിലുള്ള വികാര തുളളിച്ചയായിരുന്നില്ല ഷാജഹാന്റെ കൂര തകർക്കാൻ പ്രേരണ. അങ്ങനെ ആയിരുന്നുവെങ്കിൽ യഥാർത്ഥ പ്രതി പത്മകുമാറിന്റെ വീട്ടിലേക്ക് ഒരു മൗനജാഥയെങ്കിലും ഇവർ നടത്തണമായിരുന്നു. ചില പേരുകൾ കേൾക്കുമ്പോൾ മാത്രം പ്രതിഷേധത്തിന്റെ കുരുപൊട്ടുന്ന ഇത്തരം കീടങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. കേരളത്തിന്റെ മാനവിക സൗന്ദര്യത്തെ തട്ടിക്കൊണ്ടുപോകാൻ തക്കം പാർത്തിരിക്കുന്ന പ്രൊഫഷണൽ കിഡ്‌നാപ്പേഴ്‌സാണ് ഇവർ.
ഇത്തരം കീടങ്ങൾക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കൂടിയേ തീരൂ. ഒരു മാധ്യമ വാർത്തയാണ് ഷാജഹാന്റെ കൂരക്കുമേൽ കർസേവ നടത്താനുള്ള സാഹചര്യമൊരുക്കിയത്. സംശയത്തിന്റെ പേരിൽ വിവരങ്ങൾ ആരായാൻ പോലീസ് വിളിപ്പിക്കുന്നതിനെ പ്രതിയായി ചിത്രീകരിക്കുന്ന മാധ്യമ വ്യഭിചാരം പേരു നോക്കി വികാരം കൊള്ളുന്ന കീടങ്ങൾക്ക് നീന്തിത്തുടിക്കാനുളള ചാണകമൊരുക്കലാണ്.
വാർത്തകൾക്കൊണ്ടും സെലക്ടീവ് വൈകാരികതകളാലും കേരളത്തിന്റെ വിവേകത്തെ മലീമസപ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന കീടങ്ങൾക്കെതിരായ ജാഗ്രത കൂടുതലായി കൂട്ടേണ്ട കാലം കൂടിയാണിത്.
- കെ വി നദീർ