Sorry, you need to enable JavaScript to visit this website.

ആ രേഖാചിത്രങ്ങള്‍ വരച്ചത് ഈ ദമ്പതികളാണ്.... അഭിനന്ദനങ്ങള്‍ക്ക് നടുവില്‍ ഷജിത്തും സ്മിതയും

കൊല്ലം- കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവായ ഒന്ന് പ്രതികളുടെ രേഖാചിത്രമായിരുന്നു. കൃത്യമായ രേഖാചിത്രമാണ് ഇതിനായി പോലീസ് തയാറാക്കിയത്. ഈ ചിത്രങ്ങള്‍ തയാറാക്കിയത് കലാകാര ദമ്പതികളാണ്, അവരെത്തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹവുമാണ്.
ആര്‍ട്ടിസ്റ്റുകളായ പി.ബി.ഷജിത്തും ഭാര്യ സ്മിത എം. ബാബുവുമാണ്  പ്രതികളുടെ രേഖാ ചിത്രം വരച്ചത്. പോലീസിനുവേണ്ടി ആദ്യമായാണ് ഇരുവരും രേഖാചിത്രം വരയ്ക്കുന്നത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലാണ് ഇരുവരും പഠിച്ചത്. സി ഡിറ്റില്‍ ജോലി ചെയ്തിരുന്നു. 11 വര്‍ഷമായി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. പെയിന്റിംഗിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്.
ചിത്രം കണ്ട് കുട്ടി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് മാധ്യമങ്ങള്‍ക്കു നല്‍കിയത്. പ്രതികളെ കണ്ടെത്തിയശേഷം പോലീസുകാരും രാഷ്ട്രീയ നേതാക്കളും ഇരുവരെയും വിളിച്ച് അഭിനന്ദിച്ചു. കൊല്ലത്തുനിന്നുള്ള മന്ത്രിയായ കെ.എന്‍.ബാലഗോപാലും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

കുട്ടിയെ കാണാതായ 27ന് രാത്രി 12നാണ് പോലീസ് വിളിക്കുന്നത്. ആദ്യത്തെ സാക്ഷി പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയായിരുന്നു. ഇവരുടെ കടയില്‍നിന്നാണ് പ്രതികള്‍ സാധനങ്ങള്‍ വാങ്ങിയത്. കടയുടമയെയും കൂട്ടിയാണ് പോലീസ് ഇവരുടെ കൊല്ലത്തെ വീട്ടിലേക്ക് വന്നത്. രാത്രി 12.30 മുതല്‍ 4.30വരെ ശ്രമിച്ചാണ് ആദ്യ രേഖാചിത്രം വരച്ചത്.
കൊല്ലത്ത് അതേദിവസം മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. ആ കുട്ടി പറഞ്ഞതനുസരിച്ചാണ് രണ്ടാമത്തെ ചിത്രം വരച്ചത്. ഓയൂരില്‍നിന്ന് തട്ടിയെടുത്ത കുട്ടിയെ തിരിച്ചു കിട്ടിയശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെവച്ചാണ് മൂന്നാമത്തെ രേഖാചിത്രം വരച്ചത്. കുട്ടിയാണ് പ്രതിയിലേക്കെത്താനുള്ള സൂചനകള്‍ നല്‍കിയത്. ഇരുവരും ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടി കടലാസില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയായിരുന്നു. സംരക്ഷണത്തിനായി വനിതാ എസ്.ഐ കൂടെയുണ്ടായിരുന്നു. കുട്ടിയായതിനാല്‍ കരുതലോടെയാണ് ഇടപെട്ടത്. വരയ്ക്കാന്‍ പഠിപ്പിക്കാനെത്തിയ അധ്യാപകരെന്നാണ് കുട്ടിയെ പരിചയപ്പെടുത്തിയത്. കുട്ടിക്ക് ചിത്രങ്ങള്‍ വരച്ചു നല്‍കിയും വരപ്പിച്ചും സൗഹൃദം സ്ഥാപിച്ചു. കുട്ടികളുടെ ക്യാംപില്‍ ക്ലാസുകളെടുക്കുന്നത് സഹായകരമായി.

കുട്ടിയെ ശല്യപ്പെടുത്താതെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ മുഖത്തിന്റെ സവിശേഷതകള്‍ ആരാഞ്ഞു. മൂക്ക് ഇങ്ങനെയാണോ, കണ്ണിനു വലുപ്പമുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ച് ചിത്രം വര ആരംഭിച്ചു. കഷണ്ടിയുണ്ടോ, തടിയുണ്ടോ, മുഖത്ത് കണ്ണാടിയുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ പിന്നാലേ എത്തി. 'മാമനു തലയില്‍ മുടിയില്ല' എന്നായിരുന്നു കുട്ടിയുടെ ഉത്തരം. മൂന്നു ചിത്രങ്ങള്‍ വരയ്ക്കാന്‍ 6 മണിക്കൂറെടുത്തു.

 

 

Latest News