തിരുവനന്തപുരം - രാജ്യത്ത് ഫാഷിസ്റ്റ് തേർവാഴ്ച്ച ഏകപക്ഷീയമായി തുടർന്ന് കൊണ്ടിരിക്കുമ്പോൾ കേരളവും അതിൽ നിന്നും മുക്തമല്ല എന്ന് അടിവരയിടുന്നതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖാ ചിത്രത്തോട് രൂപസാദൃശ്യമുണ്ട് എന്ന പേരിൽ ഷാജഹാനെന്ന യുവാവിന്റെ വീട് ആർ.എസ്.എസുകാർ ആക്രമിക്കുകയും അദ്ദേഹത്തിനെതിരെ കൊലവിളി നടത്തുകയും ചെയ്തതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വളരെ അപകടകരമായ ഇത്തരം പ്രവണതകൾക്കെതിരെ കേരളത്തിൽ ആഭ്യന്തര വകുപ്പ് പതിവുപോലെ നടപടിയെടുക്കാത്തത് ഗുരുതരമാണ്.
മതനിരപേക്ഷ കേരളത്തിൽ ഉത്തരേന്ത്യൻ മോഡലിൽ ആർ.എസ്.എസ് ആക്രമണം നടത്തുന്നത് കേരളത്തെ സ്‌നേഹിക്കുന്നവർക്ക് കണ്ടുനിൽക്കാൻ കഴിയാത്തതാണ്. ഇത്തരം കാര്യങ്ങളിൽ ജാഗ്രതയോടും ഉത്തരവാദിത്ത ബോധത്തോടെയും പോലീസ് ഇടപെടേണ്ടതുണ്ട്. ഫാഷിസ്റ്റുകളുടെ ഈ രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ കേരളത്തിൽ അനുവദിക്കരുത്. ഇത് അപകടകരമായ ഒരു സാമൂഹിക സ്ഥിതി സൃഷ്ടിക്കുന്നതാണ്. ആഭ്യന്തര വകുപ്പ് വളരെ ഗൗരവത്തിൽ ഇത്തരം സംഭവങ്ങളെ കാണേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
ശാഖകളെന്ന പേരിലുളള ഒമ്പതിനായിരത്തോളംക്രിമിനൽ പരിശീലന കേന്ദ്രങ്ങളും, ലക്ഷക്കണക്കിന് പരിശീലനം സിദ്ധിച്ച അക്രമകാരികളും അതിനനുസരിച്ചുള്ള ആയുധ സംവിധാനങ്ങളും ഉണ്ട് എന്ന ഗർവ്വോടെ കേരളത്തിൽ നിയമം കയ്യിലെടുക്കാൻ ആർ.എസ്.എസ് മുതിരരുത്. ആർ.എസ്.എസ് നിയമം കൈയ്യിലെടുക്കുമ്പോൾ പോലീസ് മൗനം അവലംബിക്കുന്നത് അപകടകരമാണ്.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിൽ പ്രതിയാണെന്ന് തെളിയിക്കപ്പെട്ട പത്മകുമാറിന്റെ വീട് ആർ.എസ്.എസിന്റെ സ്വാധീന വലയത്തിലാണെന്ന് പറയപ്പെടുന്ന ചാത്തന്നൂർ ചിറക്കരയിലായിട്ടും അയാളുടെ വീട് ആക്രമിക്കപെട്ടിട്ടില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്.
ഗുജറാത്തിൽ തന്റെ ജീവനുവേണ്ടി കൂപ്പു കൈകളോടെ ആർ.എസ്.എസുകാർക്ക് മുന്നിൽ യാചിച്ച കുതുബുദ്ധീൻ അൻസാരിക്ക് സുരക്ഷ നൽകാമെന്ന് പറഞ്ഞ് കേരളത്തിലേക്ക് എഴുന്നള്ളിച്ചവരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നും ശ്രദ്ധേയമാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.