കൊല്ലം - ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഈ മാസം 15 വരെ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ ചാത്തനൂർ സ്വദേശി കെ.ആർ പത്മകുമാർ(52), ഭാര്യ എം.ആർ അനിതകുമാരി(45), മകൾ പി അനുപ(20)മ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിലെക്കും മാറ്റുമെന്നാണ് വിവരം. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്. മൂവരും പരസ്പരം സംസാരിക്കുകയുമുണ്ടായി. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടത്. രണ്ട് അഭിഭാഷകരും ഇവർക്കായി ഹാജരായി.
ഓയൂരിലെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കുടുംബത്തിൽനിന്നും വിലപേശി പണം തട്ടാൻ പദ്ധതിയിട്ട പ്രതികൾ മാധ്യമങ്ങളും പോലീസും പൊതുസമൂഹവും ഉണർന്നതോടെ പിടിക്കുമെന്ന ഘട്ടമെത്തിയതോടെ കുഞ്ഞിനെ കൊല്ലം ആശ്രാം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ച കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിറ്റേന്നുതന്നെ കുട്ടിയെ ഉപേക്ഷിച്ചെങ്കിലും ഇന്നലെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ മുന്നുവരെ പ്രതികളെ ചോദ്യം ചെയ്ത ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കു വേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകുമെന്നാണ് അറിയുന്നത്.