Sorry, you need to enable JavaScript to visit this website.

മഴക്കെടുതി: ഗള്‍ഫില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാം; സര്‍വീസ് ചാര്‍ജ് ഇല്ലാതെ

തിരുവനന്തപുരം- കനത്തമഴയിലും പ്രളയത്തിലും കേരളത്തിലുണ്ടായ വലിയ നാശനഷ്ടങ്ങള്‍ നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകുകയാണ്.  വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കുമെന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച്, ലുലു എക്‌സ്‌ചേഞ്ച് എന്നീ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതുവഴി സര്‍വീസ് ചാര്‍ജ് ഇല്ലാതെ സംഭവാനകള്‍ നല്‍കാന്‍ കഴിയും.

ഈ നിധിയിലേക്കുള്ള സംഭാവനകള്‍ക്ക് മറ്റു ചാര്‍ജുകള്‍ ഈടാക്കരുതെന്ന് പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സംസ്ഥാന ബാങ്കിങ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക നിക്ഷേപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളെ മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് ഓഴിവാക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെടു.  

ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായും പണം കൈമാറാം. കേന്ദ്ര സര്‍ക്കാരിന്റെ യുനിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്‍ www.kerala.gov.in വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News