കൊല്ലം - കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടയില്‍ പോലീസിനെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തില്‍ നടന്നത്. അതില്‍ മികവോടെയാണ് പോലീസ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പലരും പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ തന്നെ തയാറായി. സംസ്ഥാന പൊലീസ് അന്വേഷണമികവും ക്രമസമാധാന പാലനവും രാജ്യത്ത് തന്നെ ശ്രദ്ധേയമാണ്. എ കെ ജി സെന്റര്‍ ആക്രമണ കേസും, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവവും, ഇലന്തൂര്‍ നരബലി കേസും ട്രെയിന്‍ കത്തിക്കല്‍ കേസും തുടങ്ങി ശ്രമകരമായ എല്ലാ കേസുകളും പോലീസിന്റെ മികവുകൊണ്ട് തെളിയിക്കാനായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.