പാലക്കാട് - കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ ഡി സി സി പ്രസിഡന്റുമായ എ വി ഗോപിനാഥും മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്‌ലീം ലീഗ് വനിതാ നേതാവുമായ എന്‍ കെ സുബൈദയും നവകേരള സദസ്സിലെത്തി. മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിലാണ് ഇരുവരും പങ്കെടുത്തത്. കോണ്‍്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എ വി ഗോപിനാഥ് സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ കാറിലാണ് യോഗ സ്ഥലത്തേക്ക് എത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും വളരെ നല്ല കാര്യമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും എന്‍ കെ സുബൈദ പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു.