കൊല്ലം - ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേരുടെ ചോദ്യം ചെയ്യൽ തുടരുന്നു. അടൂരിലെ പോലീസ് ക്യാമ്പിൽ വച്ചാണ് ചോദ്യം ചെയ്യൽ.
ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് കെ.എ.പി ക്യാമ്പിൽ ചോദ്യം ചെയ്യുന്നത്. ഇവരുടെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി 9.30ന് കൊട്ടാരക്കരയിൽ മാധ്യമങ്ങളെ കാണുമെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ, ചോദ്യം ചെയ്യൽ ഇപ്പോഴും (രാത്രി 12.20നും) പൂർണമായിട്ടില്ല.
ദുരൂഹതകൾ നീക്കാനും മുഖ്യ ആസൂത്രകനെന്ന് കരുതുന്ന പത്മകുമാറിന്റെ മൊഴിയിലെ ചില വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനുമായി കുടുംബാംഗങ്ങളെ അന്വേഷണ സംഘം വീണ്ടും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമാണ് കാര്യങ്ങൾ അനിശ്ചിതമായി നീളാൻ ഇടയാക്കുന്നത്. ലഭിച്ച വിവരങ്ങളിൽ തന്നെ ചിലതിലെ വ്യക്തതക്കുറവും ഭർത്താവും ഭാര്യയും മകളും പറഞ്ഞതിലെ വൈരുധ്യങ്ങളിലും കൂടുതൽ വ്യക്തത വരുത്താനുമുളള ശ്രമത്തിലാണ് ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. അതിനാൽ ചോദ്യംചെയ്യൽ എപ്പോൾ പൂർത്തിയാക്കി എ.ഡി.ജി.പി എം.ആർ അജിത്കുമാർ വാർത്താസമ്മേളനം നടത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. എന്തായാലും ചോദ്യം ചെയ്യലിനുശേഷം അന്വേഷണ സംഘം നിർണായക വിവരം പങ്കുവെക്കുമെന്നു തന്നെയാണ് പോലീസിൽനിന്നും ലഭിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് കുട്ടിയുടെ പിതാവിനോടുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്നും കിട്ടാനുള്ള പണം തരാത്തതാണ് പ്രകോപനമെന്നുമാണ് കേസിലെ മുഖ്യ ആസൂത്രകനായ പത്മകുമാർ പോലീസിന് നൽകിയ മൊഴി. എന്നാൽ, ഇത് അപ്പടി അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. പത്മകുമാറിന്റെ സഹായികൾ ആരെല്ലാമാണ്? കുടുംബാംഗങ്ങളുടെ പങ്ക് തുടങ്ങി വിവിധ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരുമുള്ളത്.