Sorry, you need to enable JavaScript to visit this website.

'പണം തന്നില്ല, കുട്ടിയെ തട്ടിക്കൊണ്ടുപോയത് പിതാവിനോടുള്ള വൈരാഗ്യം മൂലം'; ചാത്തന്നൂർ സ്വദേശി പത്മകുമാറിന്റെ മൊഴി

കൊല്ലം - ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള ദമ്പതികളെയും മകളെയും പോലീസ് ചോദ്യംചെയ്യൽ തുടരുന്നു. കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന ചാത്തന്നൂർ സ്വദേശി പത്മകുമാറിനെയും ഭാര്യയെയും മകളെയും അടൂർ ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്ത പോലീസ് പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. 
 സി.സി.ടി.വി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയർ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്. പ്രതികൾ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടുമുറ്റത്തുള്ളത് ഇയാളുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്ത യഥാർത്ഥ നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്.
 തന്റെ കുടുംബത്തിന് തട്ടിക്കൊണ്ടുപോകലിൽ ബന്ധമില്ലെന്നും തനിക്കാണുള്ളതെന്നാണ് പത്മകുമാറിന്റെ മൊഴി. തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമാണെന്നും പത്മകുമാർ പറഞ്ഞു. പണം നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പറഞ്ഞതായാണ് വിവരം. അഞ്ചുലക്ഷം രൂപ കുട്ടിയുടെ അച്ഛന് നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും പത്മകുമാർ പറഞ്ഞു. ഈ പണം തിരികെ നൽകിയില്ലെന്നും ആരോപിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പറഞ്ഞതായാണ് വിവരം.  ഇന്ന് ഉച്ചയ്ക്കു ശേഷമാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്ന് കൊല്ലം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

Latest News