മക്ക - കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്കയില്‍ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ മനാഹി ബിന്‍ അബ്ദുല്ല ബിന്‍ അസല്‍ അല്‍സുബൈഇയെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ സവാബ് ബിന്‍ ദല്‍മഖ് ബിന്‍ അല്‍ഹുദൈനി അല്‍സുബൈഇക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കീഴ്‌കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതില്‍ അവരുടെ കൂടി അഭിപ്രായം അറിയുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
മനാഹി അല്‍സുബൈഇയുടെ പ്രായപൂര്‍ത്തിയായ മക്കളും പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയും വധശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സവാബ് ബിന്‍ ദല്‍മഖ് ബിന്‍ അല്‍ഹുദൈനി അല്‍സുബൈഇയെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.