ഇന്ത്യയുടെ ഏഷ്യാഡ് അത്‌ലറ്റിക്‌സ് സംഘത്തില്‍ നിന്ന് മധ്യദൂര ഓട്ടക്കാരി ടിന്റു ലൂക്ക പിന്മാറി. നാളെ തിരുവനന്തപുരത്ത് കായികക്ഷമതാ പരിശോധനക്ക് ടിന്റു ഹാജരാവേണ്ടതായിരുന്നു. ടിന്റുവിന്റെ പരിക്ക് ഭേദമായിട്ടില്ല. ദേശീയ റെക്കോര്‍ഡുകാരിയായ ടിന്റു 2014 ലെ ഏഷ്യാഡില്‍ 800 മീറ്ററില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു.
ടിന്റു പിന്മാറിയതോടെ പി.ടി ഉഷയുടെ ശിഷ്യകളില്‍ ജിസ്‌ന മാത്യു മാത്രമേ ഏഷ്യാഡ് സംഘത്തിലുള്ളൂ. എന്നാലും ഉഷയെ 400 മീ., 800 മീ. കോച്ചായി ഏഷ്യാഡ് സംഘത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എഴുപത്തിരണ്ടുകാരനായ ചീഫ് കോച്ച് ബഹാദൂര്‍ സിംഗ്, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് രാധാകൃഷ്ണന്‍ നായര്‍ എന്നിവരെയും പല പേരുകളില്‍ സംഘത്തില്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നുണ്ട്. പട്ടികയില്‍ ബഹദൂറിന്റെ പേര് ഷോട്പുട്ട് ചീഫ് കോച്ച് എന്നാണ്, രാധാകൃഷ്ണന്‍ നായര്‍ ഡിസ്‌കസ് ഡെപ്യൂട്ടി കോച്ച് എന്നും. 49 അത്‌ലറ്റുകളുടെ കൂടെ 24 ഒഫിഷ്യലുകളാണ് പോവുന്നത്.
അതേസമയം, ഉറച്ച മെഡല്‍ പ്രതീക്ഷയായ ഷോട്ട്പുട്ടര്‍ തേജീന്ദര്‍ പാല്‍ സിംഗ് തൂറിന്റെ കോച്ച് മൊഹീന്ദര്‍ ധില്ലന്‍ വെറും പെഴ്‌സണല്‍ ട്രയ്‌നറാണ്. 400 മീ., 4-400 റിലേ കോച്ചായ ബസന്ത് സിംഗ് വെറും ടീം ഒഫിഷ്യലാണ്. ദേശീയ റെക്കോര്‍ഡുകാരി അനു റാണി കോച്ചില്ലാതെയാണ് ഏഷ്യാഡിന് പോവുന്നത്.