റിയാദ് - മംദൂഹ് ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് രാജകുമാരന്‍ അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. 84 വയസായിരുന്നു. ഇന്നലെ അസര്‍ നമസ്‌കാരാനന്തരം വിശുദ്ധ ഹറമില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കി.
വിശുദ്ധ ഹറമില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, തായിഫ് ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍, അല്‍ഖസീം പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍, സല്‍മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടങ്ങി നിരവധി രാജകുമാരന്മാരും മന്ത്രിമാരും പണ്ഡിതരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരനായ മംദൂഹ് രാജകുമാരന്‍ ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ പുത്രനായി 1939 ല്‍ ആണ് ജനിച്ചത്. നോഫ് ബിന്‍ത് നവാഫ് ബിന്‍ അല്‍നൂരി അല്‍ശഅ്‌ലാന്‍ രാജകുമാരിയാണ് മാതാവ്. 1986 ല്‍ തബൂക്ക് ഗവര്‍ണറായി നിയമിതനായി. ഇതിനു ശേഷം സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ മേധാവിയായി നിയമിതനായി. 1983 ല്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഈജിപ്തിലെ അലക്‌സാണ്ട്രിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റും നേടിയിരുന്നു. മതകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്ന മംദൂഹ് രാജകുമാരന്‍ മക്കയില്‍ ഗേള്‍സ് ഖുര്‍ആന്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓണററി പ്രസിഡന്റ് ആയിരുന്നു.