ജിദ്ദ - അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിര്‍മാണവുമായും ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ 146 പേരെ നവംബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. ഇക്കൂട്ടത്തില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
ആഭ്യന്തര, പ്രതിരോധ, നീതിന്യായ, ആരോഗ്യ, വിദ്യാഭ്യാസ, മുനിസിപ്പല്‍-ഗ്രാമ-പാര്‍പ്പിട, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 341 പേരെയാണ് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തില്‍ പ്രതികളാണെന്ന് തെളിഞ്ഞ 146 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.