കൊച്ചി- കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വനിതാ പങ്കാളിത്തം ഉറപ്പാക്കാനാണെന്ന് രാഹുല്‍ ഗാന്ധി എം. പി. പത്ത് വര്‍ഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 50 ശതമാനത്തിലധികവും സ്ത്രീകളാകണമെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് മഹിള കോണ്‍ഗ്രസിന്റെ മഹിളാ മഹാ സംഗമമായ ഉത്സാഹ് കണ്‍വെന്‍ഷന്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒട്ടേറെ സ്ത്രീകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രി പോലും രാജ്യത്തില്ലെന്നത് ഖേദകരമാണ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യതയുള്ള നിരവധി സ്ത്രീകളുണ്ട്. രാഷ്ട്രീയത്തില്‍ പല തരത്തില്‍ മാറ്റി നിര്‍ത്തലുകള്‍ക്ക് പലരും ഇരയാകുന്നുണ്ട് അത് കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്ക് പേടിയില്ലാതെ രാത്രിയിലും പുറത്തിറങ്ങാന്‍ സാധിക്കണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ സ്ത്രീ മുന്നേറ്റം സാധ്യമാകണമെന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ മുന്നണി പോരാളികളായി നിലകൊണ്ടത് സ്ത്രീകളായിരുന്നു എന്നത് അഭിമാനകരമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ വനിതാ അധ്യക്ഷകളെ സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസിനായി. സ്ത്രീകള്‍ പുരുഷന് താഴെയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയോ നേതാക്കളോ കരുതുന്നില്ല. പലക ാര്യങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ദയ ഉള്ളവരും കരുണയുള്ളവരുമാണ്. എല്ലാ അധികാര കേന്ദ്രങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടണം.
സംഘപരിവാറോ ബി. ജെ. പിയോ അത്തരം ഒരു ആശയത്തില്‍ വിശ്വസിക്കുന്നില്ല. സ്ത്രീകള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കുകയും പത്ത് വര്‍ഷത്തിന് ശേഷം നടപ്പിലാക്കുകയുള്ളു എന്ന് തീരുമാനിക്കുന്നതും. ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര ധരിച്ചിരുന്ന വസ്ത്രം ശരിയല്ലെന്ന് പറയുന്ന രാഷ്ട്രീയക്കാരാണ് ഇന്ന് രാജ്യത്തുള്ളത്. ഇതാണ് ആര്‍. എസ്. എസും കോണ്‍ഗ്രസും തമ്മിലുളള വ്യത്യാസം. സ്ത്രീകളെ അധികാരത്തിന്റെ മുന്‍ നിരയിലെത്തിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ആയിരുന്നു എന്ന് മനസിലാക്കാനാകും. നിലവിലെ രാഷ്ട്രീയ അന്തരീക്ഷം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയുമാണ് എന്നാല്‍ എല്ലാ അക്രമങ്ങളുടേയും ഇരകളാകേണ്ടി വരുന്നത് സ്ത്രീകളാണ്. ഇതിനെതിരെ ശക്തമായി പോരാടണം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടാകുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം. പി പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന- ജില്ലാ കമ്മറ്റികള്‍ക്ക് പുറമെ 282 ബ്ലോക്ക്, 1501 മണ്ഡലം, 18191 വാര്‍ഡ് കമ്മറ്റികളും പുന:സംഘടിപ്പിച്ചു. വിവിധ തലങ്ങളില്‍ 81,365 പുതിയ ഭാരവാഹികള്‍ പുന:സംഘടനയിലൂടെ നേതൃനിരയില്‍ എത്തി. പുന:സംഘടനയുടെ ഭാഗമായി 14 ജില്ലാ കേന്ദ്രങ്ങളിലും 282 ബ്ലോക്ക് കേന്ദ്രങ്ങളിലും നടത്തിയ ഉത്സാഹ് കണ്‍വന്‍ഷനുകളില്‍ നേരിട്ട് പങ്കെടുത്തെന്നും അവര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം. പി അധ്യക്ഷത വഹിച്ചു. എ. ഐ. സി. സി ജനറല്‍ സെക്രട്ടറിമാരായ കെ. സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, വിശ്വനാഥ പെരുമാള്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, ജനറല്‍ സെക്രട്ടറി ഷമീന ഷഫീഖ്, സെക്രട്ടറി ഫാത്തിമ റോഷന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം. പി, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, യു. ഡി. എഫ്. കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, രമ്യ ഹരിദാസ്, എം. എല്‍. എമാരായ കെ. ബാബു, ടി. ജെ. വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, ഷാഫി പറമ്പില്‍, ടി. സിദ്ധിക്, മാത്യു കുഴല്‍നാടന്‍, പി. സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ. പി. സി. സി. ഭാരവാഹികള്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.