Sorry, you need to enable JavaScript to visit this website.

കുട്ടിക്ക് ടെന്നിസോ ക്രിക്കറ്റോ, സാനിയയുടെ മറുപടി കേള്‍ക്കൂ

പിറക്കാനിരിക്കുന്ന കുട്ടി ടെന്നിസ് റാക്കറ്റെടുക്കണോ അതോ ക്രിക്കറ്റ് ബാറ്റേന്തണമോ? പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഐബ് മാലിക്കിന്റെ ഇന്ത്യന്‍ ടെന്നിസ് റാണിയായ ഭാര്യ സാനിയ മിര്‍സയോടാണ് ചോദ്യം. ഒക്ടോബറില്‍ ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് ഇരുവരും. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 'ബ്രഞ്ച്' മാഗസിനില്‍ സാനിയയുടെ മറുപടി ഇങ്ങനെ: സത്യം പറഞ്ഞാല്‍ കുട്ടി കുറേ കൂടി വലുതായാല്‍ എടുക്കേണ്ട തീരുമാനമാണ് ഇത്. എന്തായാലും എനിക്കിഷ്ടം എന്റെ കുട്ടി ഡോക്ടര്‍ ആവുന്നതാണ്.
കുഞ്ഞും കുടുംബവുമൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായിരുന്നു ഗര്‍ഭമെന്ന് സാനിയ വെളിപ്പെടുത്തി. കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവരവിനുള്ള തീവ്രയത്‌നത്തിലായിരുന്നു. പട്ടിയെ പോലെ പരിശീലനത്തിലായിരുന്നു. ഞങ്ങള്‍ കല്യാണം കഴിക്കുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു കുടുംബ ജീവിതത്തിനായി കരിയര്‍ ബലി കഴിക്കില്ലെന്ന്. ശുഐബ് പ്രത്യേകിച്ചും കരിയറിന്റെ കാര്യത്തില്‍ ഗൗരവക്കാരനാണ്. എന്നെക്കാള്‍ പ്രായമുള്ളതു കൊണ്ട് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരിക്കലും എന്റെ കരിയര്‍ കുടുംബത്തിനായി ബലി കഴിക്കാന്‍ ശുഐബ് ആവശ്യപ്പെട്ടില്ല. അത് ഞാന്‍ ഏറെ മാനിക്കുന്നു. സ്ത്രീ കുടുംബത്തിനായി എല്ലാം സഹിക്കണമെന്നാണല്ലോ പൊതുധാരണ. ആ സമ്മര്‍ദ്ദം ഞാന്‍ ഒരിക്കലും നേരിട്ടില്ല. കുട്ടിയും കുടുബവുമൊക്കെ വേണമായിരുന്നു, എപ്പോഴാണെന്ന് എനിക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 25 ന് യാദൃശ്ചികമായാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. വല്ലാതെ വ്യായാമം നടത്തുകയായിരുന്നുവല്ലോയെന്ന ആശങ്കയായിരുന്നു ആദ്യം മനസ്സില്‍ വന്നത്. കുഴപ്പമില്ലെന്ന് മനസ്സിലായതോടെ മനസ്സ് തണുത്തു. ഗര്‍ഭിണിയാണെങ്കിലും വ്യായാമങ്ങള്‍ തുടര്‍ന്നു. വീട്ടില്‍ ടെന്നിസ് കോര്‍ട് ഉണ്ടെങ്കിലും കോര്‍ടിലിറങ്ങിയാല്‍ അമ്മ എന്നെ കൊല്ലും. അതാണ് ഏക സങ്കടം. യോഗ ചെയ്യുന്നു. ദിവസം നാലഞ്ചു കിലോമീറ്റര്‍ നടക്കുന്നു.
പാക്കിസ്ഥാനില്‍ തനിക്കു കിട്ടുന്ന സ്‌നേഹത്തെക്കുറിച്ച് സാനിയ വെളിപ്പെടുത്തി. ശുഐബിന്റെ മാതാപിതാക്കളെ കാണാന്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പാക്കിസ്ഥാനില്‍ പോവാറുണ്ട്. പാക്കിസ്ഥാന്‍കാര്‍ക്ക് ഞാന്‍ അവരുടെ പ്രിയപ്പെട്ട ഭാഭിയാണ്. വലിയ സ്‌നേഹമാണ് അവര്‍ പകര്‍ന്നു നല്‍കുന്നത്. ആ ആദരവ് എനിക്കു കിട്ടുന്നതല്ല, പാക്കിസ്ഥാന്റെ ക്രിക്കറ്റ് ക്യാപ്റ്റനായ എന്റെ ഭര്‍ത്താവിന് കിട്ടുന്നതാണെന്ന് അറിയാം. ശുഐബ് ഇന്ത്യയില്‍ വരൂമ്പോള്‍ ഞങ്ങളുടെ നാട്ടുകാരുടെയും സ്‌നേഹം ലഭിക്കാറുണ്ട് -സാനിയ പറഞ്ഞു.
 

Latest News