Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക നീക്കങ്ങൾ; ചോദ്യംചെയ്യൽ തുടരുന്നു

- ഓട്ടോയും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ
കൊല്ലം -
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാം മൈതാനിയിൽ ഉപേക്ഷിച്ച സംഭഴത്തിൽ പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന ഓട്ടോയും ഓട്ടോയുടെ ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ. നിലവിൽ എസ്.പി ഓഫീസിലാണ് ഓട്ടോയും ഡ്രൈവറും ഉള്ളത്. 
 കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഓട്ടോ ഡ്രൈവറുടെ ദൃശ്യം കുട്ടിയെ കാണിച്ച് ഇയാൾ സംഘത്തിലുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. സലാഹുദ്ദീൻ എന്നയാളുടെ പേരിൽ കൊല്ലം റജിസ്‌ട്രേഷനുള്ള ഓട്ടോയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കല്ലുവാതുക്കൽ സ്റ്റാന്റിൽ ഓടുന്ന ഓട്ടോയാണിത്. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഓട്ടോ പാരിപ്പള്ളിയിൽ നിന്ന് ഡീസലടിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കിയെന്ന് കരുതുന്ന ചിറക്കര സ്വദേശിയും പോലീസ് കസ്റ്റഡിയിലുണ്ട്. കാറിന് ഒന്നിലധികം നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നു. 
  അതിനിടെ, തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെക്കുറിച്ച് കൃത്യമായ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർ ടേക്കറാണെന്നാണ് സംശയം. ഇവർ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. അങ്ങനെ നഴ്‌സിംഗ് റിക്രൂട്ടമെന്റ് തട്ടിപ്പിലുള്ള പക തട്ടിക്കൊണ്ടുപോകലുമായി വല്ല ബന്ധവും ഉണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
 നഴ്‌സിംഗ് സംഘടനാ നേതാവായ കുട്ടിയുടെ പിതാവുമായി വൈരാഗ്യമുള്ളവർ നടത്തിയ ക്വട്ടേഷനാണോ തട്ടിക്കൊണ്ടുപോവലും വിലപേശലുമെന്നും ചില കേന്ദ്രങ്ങൾ നേരത്തെ സംശയങ്ങളുയർത്തിയിട്ടുണ്ട്. ഒന്നിലധികം യുവതികൾ തട്ടിപ്പു സംഘത്തിലുണ്ടെന്നും കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണസംഘം പറയുന്നു.
 തിങ്കളാഴ്ച വൈകുന്നേരത്തോടെ കൊല്ലം ഓയൂരിൽനിന്നും സഹോദരനൊപ്പം ട്യൂഷന് പോയി മടങ്ങിവരുന്നതിനിടെ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ 21 മണിക്കൂറിന് ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യാനാകാത്തതിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശങ്ങളാണ് ഉയരുന്നത്.

Latest News