കൊല്ലം - കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ തന്റെ ഓട്ടോയില്‍ തന്നെയാണ് സഞ്ചരിച്ചതെന്നും പ്രതികളെ പേടിച്ചിട്ടാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. കല്ലുവാതുക്കലില്‍ നിന്നും പ്രതികള്‍ ഓട്ടോയില്‍ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കുളമടയിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വെച്ച് പിന്തുര്‍ന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും പോലീസിന് കിട്ടിയിട്ടുണ്ട്.