പാലക്കാട് - കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കു ശേഷമുള്ള ഗവര്‍ണറുടെ പ്രസ്താവന മറ്റേതെങ്കിലും സ്വാധീനത്തിന് വഴങ്ങിയാണോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് നിയമ പ്രശ്‌നമാണ് കോടതി പരിശോധിച്ചത്. പുനര്‍ നിയമനം ആകാമെന്ന് കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലറായി പുനര്‍ നിയമനം നല്‍കാന്‍ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനര്‍ നിയമനത്തിലും സേര്‍ച്ച് പാനല്‍ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്‌നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയാതായും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍ നിയമനം നിയമപ്രകാരമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി പൂര്‍ണമായി അംഗീകരിക്കുകയാണ് ചെയ്തത്. ഗവര്‍ണര്‍ പറഞ്ഞത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് നിയമനമെന്നാണ്. അത് കോടതി തള്ളി. ഗവര്‍ണറാണ് വി സിയെ നിയമിച്ചത്. അതേ ഗവര്‍ണര്‍ തന്നെ ചട്ടപ്രകാരമല്ല നിയമനമെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രോ-ചാന്‍സലര്‍, ചാന്‍സലര്‍ക്കയച്ച കത്താണ് ബാഹ്യസമ്മര്‍ദ്ദമായി പറയുന്നത്. അതെങ്ങനെ ബാഹ്യസമ്മര്‍ദ്ദമാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലാത്ത ബാഹ്യസമ്മര്‍ദ്ദം ഉണ്ടെന് വരുത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. അതിലുള്ള തിരിച്ചടിയാണിത്. വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന പ്രചരണം ശരിയല്ല. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതി വിധി വായിച്ചു നോക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.