കൊല്ലം - ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ നേഴ്സിംഗ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് ഇരയായവരെന്ന് സൂചന. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയര്‍ ടേക്കറാണെന്നാണ് പോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചു. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയര്‍ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് കാര്‍ വാടകക്കെടുത്ത് നല്കിയ ചിറക്കര സ്വദേശിയായ യുവാവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്പറുകളുണ്ടെന്നാണ് വിവരം. ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുകള്‍ വച്ച് കാര്‍ ഓടിച്ചുവെന്നാണ് പോലീസിന് സൂചന കിട്ടിയത്. കാറിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ആശ്രാമം മൈതാനത്തെത്തിച്ച ഓട്ടോയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ പിതാവ് റെജിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.