- ആക്രമണം തുടരാൻ ഇസ്രായിലിനെ അനുവദിക്കുന്നത് യു.എൻ രക്ഷാസമിതിക്ക് നാണക്കേട്
ജിദ്ദ - സ്വയം പ്രതിരോധത്തെ കുറിച്ച ഇസ്രായിലിന്റെ ന്യായവാദങ്ങൾ ദുർബലമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.
ചൈനീസ് വിദേശ മന്ത്രി വാംഗ് യിയുടെ ക്ഷണപ്രകാരം യു.എൻ രക്ഷാ സമിതി ഉന്നതതല അടിയന്തിര സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
ഗാസയിലെ മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധത്തെ കുറിച്ച ഇസ്രായിലിന്റെ ദുർബലമായ ന്യായവാദങ്ങൾ അസ്വീകാര്യവും യുക്തിരഹിതവുമാണ്. വെടിനിർത്തൽ ഇടവേള അവസാനിച്ചയുടൻ തന്നെ രൂക്ഷമായ ആക്രമണം തുടരാൻ ഇസ്രായിലിനെ അനുവദിക്കുന്നതും രണ്ടു ചുവട് പിന്നോട്ടുപോകുന്നതും ഐക്യരാഷ്ട്രസഭക്കും രക്ഷാ സമിതിക്കും നാണക്കേടുണ്ടാക്കും.
കൂടുതൽ മരണവും സാധാരണക്കാരുടെ ദുരിതങ്ങളും പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരമുണ്ടാക്കില്ല. വെടിനിർത്തൽ നടപ്പാക്കുന്നതും സമാധാന ശ്രമങ്ങളോട് ഇസ്രായിൽ പ്രതികരിക്കുന്നതും മാത്രമാണ് സംഘർഷത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക.
1982 ൽ മൊറോക്കൊയിലെ ഫെസ് നഗരത്തിൽ നടന്ന അറബ് ഉച്ചകോടിയിലും 2002 ബെയ്റൂത്ത് അറബ് ഉച്ചകോടിയിലും സൗദി അറേബ്യ അറബ് സമാധാന പദ്ധതി മുന്നോട്ടുവെച്ചു. ഇതിനെ ഒ.ഐ.സി പിന്തുണച്ചു.
1993 ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഇസ്രായിലിനെ അംഗീകരിച്ചു. എന്നാൽ ഇസ്രായിലിന്റെ സമാധാന പദ്ധതി എവിടെ? ഫലസ്തീൻ രാഷ്ട്രത്തെ എന്തുകൊണ്ട് ഇസ്രായിൽ അംഗീകരിക്കുന്നില്ല? ഞങ്ങൾ സമാധാന കാംക്ഷികളാണ്. തന്ത്രപരമായ ഓപ്ഷൻ എന്നോണം സമാധാനത്തെ ഞങ്ങൾ കാണുന്നു. ഇസ്രായിലിന്റെ ഓപ്ഷനും സമാധാനമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പശ്ചിമേഷ്യൻ സമാധാനത്തിന് ഇക്കാലത്തിനിടെ ഒരു പദ്ധതി പോലും ഇസ്രായിൽ മുന്നോട്ടുവെച്ചിട്ടില്ല. ഗാസയിൽ നടക്കുന്ന കൊടുംക്രൂരതകൾക്ക് ഇസ്രായിലിനോട് കണക്കു ചോദിക്കുന്ന അന്താരാഷ്ട്ര സംവിധാനങ്ങളില്ല.
രക്ഷാ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സമൂഹം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും യു.എന്നിൽ പൂർണ അംഗത്വം നൽകുകയും വേണം.
യു.എൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം ഉറപ്പുനൽകുന്ന സമാധാന പ്രക്രിയക്ക് സമാരംഭം കുറിക്കാൻ യു.എൻ മേൽനോട്ടത്തിൽ അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേർക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.
ഗാസയിലെ വേദനാജനകമായ സാഹചര്യങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് യു.എൻ രക്ഷാ സമിതി അടിയന്തര യോഗം ചേരുന്നത്. ഗാസയിൽ 14,000 ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ 67 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിൽ അഭയാർഥികൾ പതിനഞ്ചു ലക്ഷം കവിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര നിയങ്ങളും ചാർട്ടറുകളും മാനുഷിക മൂല്യങ്ങളും നിരന്തരം ലംഘിച്ച് ഇസ്രായിൽ സൈന്യം നടത്തുന്ന രൂക്ഷമായ ആക്രമണങ്ങൾ കാരണം വീടുകൾ ഉപേക്ഷിക്കാൻ ഇവർ നിർബന്ധിതരായിരിക്കുന്നു. ഇസ്രായിലിന്റെ നിയമ ലംഘനങ്ങൾക്കെതിരെ ചെറുവിരലനക്കാൻ രക്ഷാ സമിതിക്ക് സാധിക്കുന്നില്ല.
നവംബർ 11 ന് റിയാദിൽ സംയുക്ത അറബ്, ഇസ്ലാമിക് ഉച്ചകോടി ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ അറബ്, ഇസ്ലാമിക ജനവിഭാഗങ്ങളുടെ ഇച്ഛയെ പ്രതിനിധീകരിക്കുന്നു. രക്തച്ചൊരിച്ചിൽ തടയണമെന്നും യാതൊരുവിധ നിയന്ത്രണങ്ങളും കൂടാതെ റിലീഫ് വസ്തുക്കൾ എത്തിക്കണമെന്നും ഇസ്രായിലിന്റെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട ഉച്ചകോടി നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കാൻ ഫലസ്തീൻ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്നും വ്യക്തമാക്കി.
ഗൗരവത്തായതും വിശ്വസനീയവുമായ സമാധാന പ്രക്രിയ പുനരാരംഭിക്കാൻ സഹായിക്കുന്ന നിലക്ക് ഉടനടി ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കണമെന്ന വ്യക്തമായ സന്ദേശം അറബ്, ഇസ്ലാമിക് ഉച്ചകോടി നൽകി.
വെടിനിർത്തൽ ഇടവേളയെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. എന്നാൽ റിലീഫ് വസ്തുക്കളുമായി ഗാസയിൽ പ്രവേശിക്കുന്ന ലോറികളുടെ എണ്ണത്തിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ഈ ചുവടുവെപ്പ് പര്യാപ്തമല്ല. യാതൊരുവിധ നിയന്ത്രണങ്ങളും കൂടാതെ ഗാസയിൽ റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കണം. യു.എൻ ജനറൽ അസംബ്ലി 2,712-ാം നമ്പർ പ്രമേയം പൂർണ തോതിൽ നടപ്പാക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തൽക്ഷണം സമഗ്ര വെടിനിർത്തൽ നടപ്പാക്കണമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു.