Sorry, you need to enable JavaScript to visit this website.

കിണറ്റിൽ വീണ പുള്ളിപ്പുലി രക്ഷാപ്രവർത്തനത്തിനിടെ ചത്തതിൽ രൂക്ഷ വിമർശനം

കണ്ണൂർ- കണ്ണൂരിലെ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുള്ളിപ്പുലി രക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രമുഖ പരിസ്ഥിതി- വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠൻ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായി. 'വനവും വന്യമൃഗ സംരക്ഷണവും ഓരോ വ്യക്തിയുടെയും കടമയും ഉത്തരവാദിത്തവും അവകാശവുമാണ്. അതു പാലിക്കപ്പെടാതെ വരുമ്പോൾ എന്നെ പോലെയുള്ള പ്രകൃതി വന്യജീവി സംരക്ഷകർക്കു സങ്കടം സഹിക്കാൻ പറ്റില്ല. ഇത്രയും കാലം നാട്ടിൽ ഇറങ്ങി അപകടത്തിൽപെടുന്ന വന്യമൃഗങ്ങളെയും മറ്റ് ജീവികളെയും രക്ഷിച്ചത് പ്രകൃതി വന്യജീവി സ്‌നേഹികളാണ്. അല്ലാതെ യൂണിഫോം ഇട്ട ഫോറസ്റ്റ് ഡിപ്പാർട്‌മെന്റ് ജീവനക്കാരല്ല.
എപ്പോഴൊക്കെ ഫോറസ്റ്റ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥർ നേരിട്ട് സംരക്ഷണത്തിന് ഇറങ്ങിയിട്ടുണ്ടോ.... അന്നൊക്കെ ആ മൃഗത്തിന്റെ അന്ത്യമാണ്. അതു അവരുടെ കുറ്റമല്ല. മൃഗങ്ങളെ പറ്റി കൂടുതൽ അറിയില്ല.... മൃഗങ്ങളെ എങ്ങനെ രക്ഷപെടുത്തണം എന്നുള്ള മുൻ പരിചയവുമില്ല. കണ്ണൂർ-കാസർകോട് ജില്ലയിൽ ഇതു രണ്ടാമത്തെ തവണയാണ് രക്ഷപ്പെടുത്തുന്നു എന്ന മട്ടിൽ പുലിയെ കൊല്ലുന്നത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോട് കൂടി ആവും പെരിങ്ങത്തൂരിലെ ഒരു കിണറ്റിൽ പുലി വീണിട്ടുണ്ടാവുക. കാരണം ഇവർ അർദ്ധരാത്രി സഞ്ചാരിയാണ്. രാവിലെയാണ് കിണറിൽ വീണ പുലിയെ നാട്ടുകാർ കാണുന്നത്. പിന്നീട് വൈകുന്നേരം വരെ നടത്തിയത് ഒരു തരം പ്രഹസനമാണ് എന്ന് പറയാതിരിക്കാൻ മടിയില്ല. എന്റെ ജീവിതത്തിൽ ഇതുപോലെ പുലിയെയും കടുവയെയും രാജവെമ്പാലയെ വരെ ഞങ്ങൾ കുറേ തവണ രക്ഷിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ കേരളത്തിന് പുറത്ത്. നമ്മുടെ അറിവുകളെയും അനുഭവങ്ങളെയും മാനിച്ചു ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഞങ്ങൾക്ക് വേണ്ട സെക്കന്ററി സഹായങ്ങൾ നൽകും. ഇവിടെ കേരളത്തിൽ നമ്മൾ അഭിപ്രായം പറഞ്ഞാൽ നോട്ടപ്പുള്ളികളായി. ഇതിനു മുന്നേ കണ്ണൂരിലും കാസർകോട് പ്രദേശത്തു പുലി ഇറങ്ങിയപ്പോൾ വേണ്ട അഭിപ്രായവും സഹായവും ഞാൻ സമയബന്ധിതമായും ശരിയായ ആസൂത്രണവും വേണ്ടപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടും അവർ തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 
 

Latest News