Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി നാഷണൽ ഗെയിംസിലെ മലയാളിത്തിളക്കം

ദേശീയ ഗെയിംസിൽ എടുത്തു പറയേണ്ടത് സ്വദേശി വനിതകളുടെ പ്രാതിനിധ്യമാണ്. മത്സര രംഗത്തും പിന്നണിയിലും നൂറുകണക്കിനു വനിതകളാണുള്ളത്. 2018 ൽ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശിക്കാൻ അനുമതി നൽകിയുണ്ടായ രാജകൽപന കായിക രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനുള്ള വാതിൽ തുറക്കലായിരുന്നു. പിന്നീട് അങ്ങോട്ടുള്ള ഓരോ ദിനവും കാണികളിൽ ഒതുങ്ങുന്നതായിരുന്നില്ല, മറിച്ച് കായിക രംഗത്തെ അവരുടെ പങ്കാളിത്തത്തിന്റേതായിരുന്നു.

 

കായിക ലോകത്തേക്കുള്ള സൗദിയുടെ കുതിപ്പിന് വേഗം കൂട്ടി തുടക്കം കുറിച്ച രണ്ടാമത് ദേശീയ ഗെയിംസ് സൗദിക്കെന്ന പോലെ ഇന്ത്യക്കും അഭിമാനമാവുകയാണ്. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ഇന്ത്യൻ കായിക താരങ്ങൾ പ്രത്യേകിച്ച് മലയാളി താരങ്ങൾ മിന്നുന്ന പ്രകടനമാണ് സൗദി ഗെയിംസിൽ കാഴ്ച വെക്കുന്നത്. അതിൽ എടുത്തു പറയേണ്ടത് കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയുടെ സ്വർണപ്പതക്കമാണ്. വനിത ബാഡ്മിന്റണിൽ ഇക്കുറിയും ഖദീജക്കാണ് സ്വർണം. ഇതേ ഇനത്തിൽ കഴിഞ്ഞ വർഷവും സ്വർണമണിഞ്ഞ ഖദീജ ഇന്ത്യൻ പ്രവാസികൾക്കൊന്നാകെ, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് അഭിമാനമായിരിക്കുകയാണ്. കഴിഞ്ഞ തവണ അൽ നജ്ദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ ഇത്തവണ റിയാദ് ക്ലബിനു വേണ്ടി ബാറ്റേന്തി ഗോൾഡ് മെഡൽ കരസ്ഥമാക്കിയതിലൂടെ പത്തു ലക്ഷം റിയാലാണ് (രണ്ടേകാൽ കോടിയിലേറെ രൂപ) സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയെ പ്രതിനിധീകരിച്ച് ഏഴ് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഈ കോഴിക്കോട് കൊടുവള്ളിക്കാരി പങ്കെടുത്തിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ റിയാദ് ക്ലബ്ബിനു വേണ്ടി അൻസൽ ആലപ്പുഴ വെള്ളിയും അഹ്ലി ക്ലബ്ബിനായി കോഴിക്കോട് സ്വദേശി ശാമിൽ വെങ്കലവും നേടി മറ്റു മേഖലകളിലെന്ന പോലെ സൗദിയുടെ കായിക രംഗത്തും മലയാളികളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. മറ്റു ക്ലബുകളെ പ്രതിനിധീകരിച്ച് വേറെയും ഇന്ത്യൻ പ്രവാസികൾ മത്സര രംഗത്തുണ്ട്.
കഴിഞ്ഞ വർഷം ഇദംപ്രഥമായി തുടക്കം കുറിച്ച ദേശീയ ഗെയിംസിനേക്കാളും പത്തര മാറ്റിലാണ് രണ്ടാമത് ഗെയിംസിന് തിരിതെളിഞ്ഞത്. സൗദിയുടെ സാംസ്‌കാരിക തനിമയും കായിക പെരുമയും വിളിച്ചറിയിച്ച്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങളെയും ആയിരക്കണക്കിനു സ്വദേശി, വിദേശികളയും സാക്ഷി നിർത്തിയാണ് റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ കായിക മാമാങ്കത്തിന് തുടക്കമായത്. ദീപവിതാനത്തിൽ കുളിച്ചു നിന്ന സ്റ്റേഡിയത്തിൽ കരിമരുന്ന് പ്രയോഗവും ഡി.ജെ സ്നേക്കിന്റെ സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. 53 ഇനങ്ങളിലായി ഇരുന്നൂറിൽപരം ക്ലബുകളെ പ്രതിനിധീകരിച്ച് ആറായിരത്തിലേറെ കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിനു പുറമെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ഒളിംപിക് കോംപ്ലക്സ്, അൽനസർ ക്ലബ് ഹാൾ,  റിയാദ് ക്ലബ് ട്രാക്ക്, പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി, കിംഗ് സൗദ് യൂനിവേഴ്സിറ്റി, റിയാദ് ഗോൾഫ് ക്ലബ് തുടങ്ങിയ ഇടങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നവംബർ 27 ന് ആരംഭിച്ച് ഡിസംബർ 10 വരെ തുടരുന്ന  മത്സരങ്ങൾ സൗദിയുടെ കായിക ഭൂപടത്തിൽ പുതിയ ഇടം കണ്ടെത്തുമെന്നതിൽ സംശയമില്ല.

ദേശീയ ഗെയിംസിൽ എടുത്തു പറയേണ്ടത് സ്വദേശി വനിതകളുടെ പ്രാതിനിധ്യമാണ്. മത്സര രംഗത്തും പിന്നണിയിലും നൂറുകണക്കിനു വനിതകളാണുള്ളത്. 2018 ൽ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശിക്കാൻ അനുമതി നൽകിയുണ്ടായ രാജകൽപന കായിക രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനുള്ള വാതിൽ തുറക്കലായിരുന്നു. പിന്നീട് അങ്ങോട്ടുള്ള ഓരോ ദിനവും കാണികളിൽ ഒതുങ്ങുന്നതായിരുന്നില്ല, മറിച്ച് കായിക രംഗത്തെ അവരുടെ പങ്കാളിത്തത്തിന്റേതായിരുന്നു. ഇന്ന് ആഭ്യന്തര തലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും കായിക രംഗത്ത് സൗദി സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.  ആരോഗ്യമുള്ളതും ഗുണമേന്മയുള്ളതുമായ ജീവിത ശൈലി വിഷൻ 2030 ന്റെ കാഴ്ചപ്പാടാണ്. അതിനാൽ കായിക മേഖലക്ക് മുമ്പെന്നത്തേക്കാളും പ്രാധാന്യമാണ് സൗദി നൽകുന്നത്. രാജ്യം വികസിക്കുന്നതോടൊപ്പം പൗരൻമാരുടെ ക്രിയാത്മകവും കായികവുമായ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 2018 ൽ തുടക്കമിട്ട സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (എസ്.എഫ്.എ) സ്‌കൂൾ തലം മുതൽ എല്ലാ തലങ്ങളിലും കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിച്ചു വരികയാണ്. പ്രായ, ലിംഗ ഭേദമെന്യേ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും കായിക താൽപര്യം വർധിപ്പിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനും നിരവധി പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ദേശീയ ഗെയിംസ്.  
2015 ൽ സ്ത്രീകൾക്കായുള്ള കായിക പരിപാടികൾ  വെറും എട്ടു ശതമാനം മാത്രമായിരുന്നുവെങ്കിൽ ഒരു വർഷം കൊണ്ട് 2019 ൽ  അതു 19 ശതമാനമായി ഉയർന്നു. 2030 ൽ ഇത് 40 ശതമാനമായി ഉയർത്താനാണ് ലക്ഷ്യം. ലോക കായിക ഭൂപടത്തിൽ സ്ഥാനം പിടിച്ച സൗദി വനിതകളായ സാറാ അത്താർ, അൽ ഹസ്ന അൽഹമ്മാദ്, ഫാറാ ജെഫ്റി, സാറാ അൽജുമ എന്നിവരുടെ പിൻഗാമികളാവുന്നതിന് നൂറുകണക്കിനു സ്ത്രീകളാണ് കടുന്നു വരുന്നത്. വിവിധ ക്ലബുകളുടെ ഭാഗമായി വീറും വാശിയോടെയും മത്സരിക്കുന്ന സൗദി വനിതകൾ പുതുചരിത്രമാണ് കുറിക്കുന്നത്. അത്‌ലറ്റിക്‌സിലെന്ന പോലെ ഗെയിംസുകളിലും സ്ത്രീകൾ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സൗദിയുടെ 188 കായിക താരങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 19 പേർ സ്ത്രീകളായിരുന്നു. ലോക പ്രശസ്തമായ സൗദി പുരുഷ ഫുട്ബോൾ ടീമിനെ പോലെ സൗദി വനിത ഫുട്ബോൾ  ടീമിന്റെയും സ്ഥാനം ലോക നിലവാരത്തിൽ തന്നെയാണ്. ഫുട്‌ബോളിൽ ലോകത്തെ ഏറ്റവും വില കൂടിയ താരങ്ങൾ ഇന്നു സൗദിക്കു സ്വന്തമാണ്. ലോക ശ്രദ്ധേയമായ യൂറോപ്യൻ, ലാറ്റിനമേരിക്കൻ ക്ലബുകളോട് കിടപിടിക്കാൻ കഴിയുന്ന ഫുട്‌ബോൾ ക്ലബുകളാണ് ഇന്നു സൗദിയിലുള്ളത്. ഫുട്‌ബോൾ മാത്രമല്ല, മറ്റു ഗെയിമുകളിലും വൻ കുതിപ്പാണ് സൗദി നടത്തുന്നത്. ഏതു കായിക മേഖലയിലെയും ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ സൗദി തയാറായിരിക്കുകയാണ്. അതിനു വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന് കോടിക്കണക്കിനു റിയാലാണ് ചെലഴിക്കുന്നത്. വരുംനാളുകളിൽ ലോകോത്തര മത്സരങ്ങൾക്കാണ് സൗദി വേദിയാകുന്നത്. 2034 ൽ ലോക കപ് ഫുട്‌ബോളിനും ഏഷ്യൻ ഗെയിംസിനും വേദിയാകുന്ന സൗദിയിൽ അതിനു മുന്നോടിയായി ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾക്കും വേദിയൊരുക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനു പുറമേയാണ് 2030 ലെ വേൾഡ് ട്രേഡ് ഫെയറിനും രാജ്യം സാന്നിധ്യം വഹിക്കുന്നത്. ലോക കായിക ഭൂപടത്തിൽ മാത്രമല്ല, രാജ്യത്തിന്റെ വികസന പാന്ഥാവിന് വെളിച്ചമാകാവുന്ന ഏതു തരത്തിലുള്ള മത്സരങ്ങൾക്കും തയാറാണെന്ന സന്ദേശമാണ് സൗദി അറേബ്യ ലോകത്തിനു നൽകുന്നത്. 

Latest News