റിയാദ്- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയത് പ്രവാസികൾക്ക് നേട്ടമായി. ഇന്നലെ രാവിലെ വിനിമയം ആരംഭിച്ചയുടനെ തന്നെയുണ്ടായ ഇടിവ് ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടാക്കിയതാണ് പ്രവാസികൾക്ക് വൻ നേട്ടം കൊയ്യാനായത്.
ആഗോള വിപണിയിൽ സൗദി റിയാലിന് 18.70 രൂപക്ക് മുകളിൽ എത്തുന്നത് ഇതാദ്യമാണ്. കാലത്ത് 18.50ൽ നിന്നാരംഭിച്ച് 18.70ലാണ് ക്ലോസ് ചെയ്തത്. എന്നാൽ സൗദി അറേബ്യയിലെ എക്‌സ്‌ചേഞ്ചുകളിൽ 18.40 വരെയാണ് വിനിമയം നടന്നത്. അന്താരാഷ്ട്ര വിപണിയേക്കാളും 22 ഹലല മുതൽ കുറവായാണ് സാധാരണ സൗദി ബാങ്കുകൾ വിനിമയം നടത്താറുള്ളത്. ഇൻജാസ് (18.25), എൻ.സി.ബി (17.71), അൽറാജ്ഹി (18.18), എക്‌സ്പ്രസ് മണി (18.18), മണിഗ്രാം (18.18), ടെലിമണി (18.01), ഫൗരി (18.23) എന്നിങ്ങനെയാണ് ഇന്നലെ കാലത്ത് വിനിമയ നിരക്ക് ആരംഭിച്ചത്. പല ബാങ്കുകളിലും പിന്നീട് 10 ഉം 15 ഉം ഹലലകൾ ഏറ്റക്കുറച്ചിലുകളുണ്ടായി. ചില ബാങ്കുകൾ 18.40 വരെയെത്തി. 18.15 ന് മുകളിൽ അടുത്ത കാലത്തൊന്നും രൂപയുടെ മൂല്യം എത്തിയിരുന്നില്ലെന്ന് ഇൻജാസ് മണി ട്രാൻസ്ഫറിലെ ജീവനക്കാരൻ അനീസ് പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച തുർക്കിയിൽ നിന്നുള്ള അലൂമിനിയത്തിനും സ്റ്റീലിനും അമേരിക്ക 100 ശതമാനം ഇറക്കുമതി നികുതി കൂട്ടിയതാണ് പെട്ടെന്ന് കറൻസി വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ തുർക്കി കറൻസിയായ ലിറയുടെ മൂല്യം 40 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഇത് ഇന്ത്യ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുടെ വിനിമയ മൂല്യത്തെ സാരമായി ബാധിച്ചു. അതോടൊപ്പം അമേരിക്കയുടെ വളർച്ചാ നിരക്കുയർന്നതും ഡോളർ ശക്തി പ്രാപിച്ചതും വിപണിയിൽ ചലനമുണ്ടാക്കുകയും ചെയ്തു.
പണപ്പെരുപ്പം നിയന്ത്രണാതീതമാകുന്നതും 2019 ൽ ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് വരുന്നതും ആഗോള സാമ്പത്തിക പ്രതിസന്ധികളും രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടമുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞാൽ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം ഡോളറിലേക്ക് മാറ്റാനും സാധ്യതയുണ്ട്. റിസർവ് ബാങ്ക് അടിയന്തരമായി ഇടപെട്ട് സത്വര പരിഹാരം കാണണമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടു വെക്കുന്ന നിർദേശം.
---