കോട്ടയം - ഒരു മണിക്കൂറിലേറെ മരം കയറ്റിയ ലോറിക്കടിയിൽ അകപ്പെട്ട കാർ യാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നജീബാണ് അതിശയകരമായി രക്ഷപ്പെട്ടത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വച്ചാണ് സംഭവം.
നജീബിന്റെ കാറിന് മുകളിലേക്ക് തടി ലോറി ചരിയുകയായിരുന്നു. തുടർന്ന് കാർ പൂർണമായും ലോറിയുടെ അടിയിൽ കുടുങ്ങി. അഗ്‌നിരക്ഷാ സേനയെത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശേഷം കയർ പൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയായിരുന്നു. പിന്നാലെ കാറിന് മുകളിലുണ്ടായിരുന്ന തടികളും എടുത്ത് മാറ്റി. ശേഷം കാറിന്റെ തകിട് മുറിച്ചാണ് കാർ യാത്രികനായ നജീബിനെ ഒരു മണിക്കൂറിനുശേഷം പുറത്തെത്തിക്കാനായത്. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചു.