ന്യൂദല്‍ഹി- കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ പത്തരക്കാണ് വിധി പ്രസ്താവം.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിച്ചു മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസിന്റെ വാദം കേള്‍ക്കലിനിടെ നിരീക്ഷിച്ചിരുന്നു.
പുനര്‍നിയമനത്തെ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ക്കുകയും, സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ന്യായീകരിക്കുകയും ചെയ്തിരുന്നു. പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയാല്‍ അത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. മറിച്ചാണെങ്കില്‍ ഗവര്‍ണര്‍ക്കും.