തൃശൂര്‍- കേരളവര്‍മ കോളജിലെ റീകൗണ്ടിംഗില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സര്‍വ്വകക്ഷി യോഗം വിളിച്ചപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ഥിയെ അറിയിച്ചില്ലെന്നും തുടക്കം മുതല്‍ ക്രമക്കേട് നടന്നുവെന്ന് കോടതി കണ്ടെത്തിയെന്നും അലോഷ്യസ് പറഞ്ഞു.
കേരളവര്‍മയില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആദ്യതവണ വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896 വോട്ടുകളും എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. ഒരു വോട്ടിന് വിജയിച്ച ശ്രീക്കുട്ടന് റീ കൗണ്ടിംഗില്‍ 10 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതായി പ്രഖ്യാപിച്ചതാണ് വിവാദങ്ങള്‍ ഉണ്ടാക്കിയത്. അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളുമാണ് വീണ്ടുമെണ്ണിയപ്പോള്‍ ലഭിച്ചത്. തുടര്‍ന്നാണ് വോട്ടെണ്ണലില്‍ വ്യാപക ക്രമക്കേടുകള്‍ ആരോപിച്ച് ശ്രീക്കുട്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് ശനിയാഴ്ച നടക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ റീകൗണ്ടിംഗ് നടക്കുന്നത്. ഇന്ന് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ യോഗം ചേര്‍ന്നാണ് വീണ്ടും വോട്ടെണ്ണാനുള്ള തീയതി നിശ്ചയിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രിന്‍സിപ്പലിന്റെ മുറിയിലാണ് വോട്ടെണ്ണല്‍. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് വോട്ടുകള്‍ വീണ്ടുമെണ്ണുന്നത്. നിലവില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ കോളജിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അസാധു വോട്ടുകളുടെ കാര്യത്തില്‍ യുണിവേഴ്‌സിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോടതി വിധി പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ സൂതാര്യമായ രീതിയില്‍ വോട്ടെണ്ണല്‍ നടത്തുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.