കൊല്ലം - ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസിനെ അറിയിക്കണമെന്നും നിർദേശിച്ചു. പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഓട്ടോ തട്ടിപ്പുസംഘത്തിന്റേതാണെന്നും സംശയമുണ്ട്. പ്രതികൾ ഏഴുമിനുട്ട് പാരിപ്പള്ളിയിൽ ചെലവഴിച്ചതായും പോലീസ് പറഞ്ഞു.
അതിനിടെ, തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി അബിഗേൽ വീഡിയോ കോളുമായി രംഗത്തെത്തി. 'തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ആൾ' എന്ന് കുട്ടി വിഡിയോയിൽ പറഞ്ഞു. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് കുട്ടി എല്ലാവർക്കും നന്ദി അറിയിച്ചത്.
തിങ്കളാഴ്ച അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. 21 മണിക്കൂറിന് ശേഷമാണ് അക്രമികൾ രക്ഷിയില്ലെന്ന് കണ്ടതോടെ കുഞ്ഞിനെ ഉപേക്ഷിച്ചത്. മാധ്യമങ്ങളും പോലീസ് അന്വേഷണ സംവിധാനങ്ങളും ജനങ്ങളുമെല്ലാം ഉറക്കമിളച്ച് എല്ലാ ഭാഗത്തേക്കും തിരിച്ചിലും ജാഗ്രതയും തുടർന്നപ്പോൾ രക്ഷയില്ലെന്ന് കണ്ടാണ് അക്രമികൾ കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച് തന്ത്രപൂർവം രക്ഷപ്പെട്ടത്. ഇവരെ പിടികൂടാനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പോലീസ് സംഘം.