Sorry, you need to enable JavaScript to visit this website.

റിയാദില്‍ വീണ്ടും പ്രകാശോത്സവം, നാളെ തുടക്കം

മലയാളം ന്യൂസ് പ്രസാധകര്‍ എസ്.ആര്‍.എം.ജി മീഡിയ പാര്‍ട്ണര്‍

റിയാദ്- മൂന്നാമത് നൂര്‍ റിയാദ് പ്രകാശ കലാമേളക്ക് നാളെ തുടക്കം. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തില്‍ നടക്കൂന്ന ലോകത്തെ ഏറ്റവും വലിയ പ്രകാശ കലാമേളയായ നൂര്‍ റിയാദ് ഇനി നാലു മാസം റിയാദ് നഗരത്തെ വര്‍ണരാജിയില്‍ വിസ്മയിപ്പിക്കും.
മരുഭൂ മണലിലെ ചന്ദ്രന്‍ എന്ന ശീര്‍ഷകത്തില്‍ ലൈറ്റ് അപ് വിദഗ്ധരായ  ജെറോം സാന്‍സ്, അലാ ട്രാബ്‌സോണി, ഫഹദ് ബിന്‍ നായിഫ്, പെഡ്രോ അലോണ്‍സോ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നൂര്‍ അല്‍റിയാദ് നടക്കുന്നത്.  35 ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 35ലധികം സൗദി കലാകാരന്മാര്‍ ഉള്‍പ്പെടെ 100ലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന 120ലധികം കലാസൃഷ്ടികള്‍ ആഘോഷത്തിന്റെ ഭാഗമാകും. ഫൈസലിയ ടവർ എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 12 വരെയും വാരാന്ത്യത്തിൽ ആറു മുതൽ 2 വരെയും മണിക്കൂറിൽ ഏഴ് മിനിറ്റ് 11 സെകന്റ് സമയം പ്രകാശിക്കും. 557 മൂവിംഗ് ലൈറ്റുകളും 4 ഹൈ പവർ ലേസറുകളുമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ക്രിസ്‌റ്റൊഫർ ബൗഡർ ആണിതിന്റെ സംവിധായകൻ.


സാംസ്‌കാരിക മന്ത്രാലയം, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്റര്‍, ജാക്‌സ് ഡിസ്ട്രിക്ട്, സൗദി സെന്റര്‍, അല്‍ഖുസാമ ഇന്‍വെസ്റ്റ്‌മെന്റ് സെന്റര്‍ എന്നിവരാണ് ആഘോഷത്തിന്റെ പങ്കാളികള്‍. മലയാളം ന്യൂസ് പ്രസാധകരായ എസ്.ആര്‍.എം.ജിയാണ് മീഡിയ പാര്‍ട്ണര്‍. മിസ്‌ക് ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഗ്രാം പാര്‍ട്ണറും നോവ, വിസിറ്റ് സൗദി, കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി, വയാ റിയാദ്, ഡിജിറ്റല്‍ സിറ്റി എന്നിവ സപ്പോര്‍ട്ടിംഗ് പാര്‍ട്ണര്‍മാരും അല്‍തന്‍ഫീദി ഹോസ്പിറ്റാലിറ്റി പാര്‍ട്ണറുമാണ്.
സലാം പാര്‍ക്ക്, വാദി നമാര്‍, വാദി ഹനീഫ, ജാക്‌സ് ഡ്‌സ്ട്രിക്ട്, കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 16 വരെ പ്രത്യേക ലൈറ്റ് ഷോകള്‍ അരങ്ങേറും. ടിക്കറ്റ്മാക്‌സ് ആപ്ലിക്കേഷന്‍ വഴി സൗജന്യ ടിക്കറ്റെടുക്കണം. നാലു മണി മുതല്‍ രാത്രി 12 വരെയാണ് പ്രവേശനം. വ്യത്യസ്തവും അതുല്യവുമായ രൂപത്തിലാണ് ഈ വര്‍ഷം നൂര്‍ റിയാദ് തിരിച്ചെത്തുന്നതെന്നും ലോകമെമ്പാടുമുള്ള എല്ലാ സന്ദര്‍ശകരെയും റിയാദിലെ ഈ അഞ്ചുകേന്ദ്രങ്ങളില്‍ രസകരവും അതിശയകരവുമായ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ ക്ഷണിക്കുന്നുവെന്നും സെലിബ്രേഷന്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ നൗഫ് അല്‍മുനീഫ് അറിയിച്ചു.
നൂര്‍ റിയാദ് ആഘോഷത്തില്‍ 44 ഡയലോഗ് സെഷനുകള്‍, 122 വര്‍ക്ക്‌ഷോപ്പുകള്‍, 13 ക്രിയേറ്റീവ് അനുഭവങ്ങള്‍, 1,000ലധികം ഗൈഡഡ് ടൂറുകള്‍, കുടുംബങ്ങള്‍ക്കായുള്ള 100ലധികം പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടും. മുന്‍വര്‍ഷങ്ങളിലെ നൂര്‍ റിയാദ് ആഘോഷം ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്‌സ് ആഘോഷം ഉള്‍പ്പെടെ എട്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ നേടിയിരുന്നു. 28 ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. 

Tags

Latest News