കാഞ്ഞങ്ങാട്- പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 105 പവനും 35,000 രൂപയും കവര്‍ന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ വീടുമായി ഏറ്റവും അടുത്ത ബന്ധമുള്ളവര്‍ തന്നെയാണെന്ന് സൂചന. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം നോക്കി ലോക്കര്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവരാനുള്ള ബുദ്ധി വീടുമായി അടുപ്പമുള്ളവര്‍ക്ക് മാത്രമെന്ന് പോലീസ്. പ്രാഥമികമായ അന്വേഷണം പോലീസ് ആ വഴിക്ക് തന്നെയാണ് നടത്തുന്നത്. കുശാല്‍ നഗര്‍ നിത്യാനന്ദ പോളിടെക്നിക്കിന് പടിഞ്ഞാറു വശത്തെ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ നബീസത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ശനിയാഴ്ച രാത്രി 11 മണിയോടെ വീട് പൂട്ടി ബന്ധു വീടായ തൈക്കടപ്പുറത്തു പോയിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ തിരിച്ചെത്തി വീടു തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ പിറക് വശത്തു പോയി നോക്കിയപ്പോഴാണ് വാതില്‍ തകര്‍ക്കപ്പെട്ടതായി കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി കിടപ്പ് മുറിയിലെ ലോക്കര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. നബീസത്തിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ ഇന്നലെ രാവിലെ എത്തി തെളിവുകള്‍ ശേഖരിച്ചു. കിടപ്പുമുറിയിലെ ലോക്കറില്‍ നിന്നാണ് മോഷ്ടാവ് സ്വര്‍ണ്ണവും പണവും എടുത്തത്. തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ആയുധം എടുത്താണ് അടുക്കളവാതിലും ലോക്കറും കുത്തിപൊളിച്ചത്. ഗൃഹനാഥ നബീസത്തും മകന്‍ സലീമും സലീമിന്റെ ഭാര്യ സള്‍ഫാനയുമാണ് വീട്ടില്‍ താമസിക്കുന്നത്. സള്‍ഫാന ഒരാഴ്ചയായി കല്ലൂരാവിയിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കവര്‍ച്ച നടന്നുവെന്ന് പറയുന്ന ദിവസം രാത്രി 12 മണിവരെ സലീം കുശാല്‍നഗറിലെ വീട്ടില്‍ ഉണ്ടായിരുന്നു അതിന് ശേഷമാണ് ഭാര്യയുടെ വീട്ടിലേക്ക് പോയത്. ഇരുവരും തമ്മില്‍ വിവാഹിതരായത് മൂന്ന് മാസം മുമ്പാണ്. വീട്ടില്‍ നിന്ന് കവര്‍ന്ന ആഭരണങ്ങള്‍ മുഴുവന്‍ സള്‍ഫാനയുടേത് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആഭരണങ്ങള്‍ മുഴുവന്‍ ബാങ്ക് ലോക്കറിലൊന്നും കൊണ്ടുവെക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയാവുന്ന ആരുടെയോ ബുദ്ധി കവര്‍ച്ചക്ക് പിന്നില്‍ ഉണ്ടെന്ന് തന്നെയാണ് സംശയിക്കുന്നത്. വാതില്‍ കുത്തിപൊളിക്കാനോ കവര്‍ച്ച നടത്താനോ പുറത്തുനിന്ന് ആയുധങ്ങള്‍ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ വീട് അടഞ്ഞുകിടന്നതിനാല്‍ മോഷ്ടാവിന് ധാരാളം സമയം ലഭിച്ചതായും കരുതുന്നു. ഹൊസ്ദുര്‍ഗ് സിഐ സി.കെ സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് എസ്‌ഐ എ.സന്തോഷ്‌കുമാര്‍, അഡിഷണല്‍ എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
--