കോട്ടയം - മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ.സി വേണുഗോപാൽ അനുകൂലികൾ രഹസ്യയോഗം ചേർന്നതായി ആരോപണം. കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തതെന്നാണ് കെ.സി ജോസഫിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്.
എന്നാൽ, ആരോപണം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിഷേധിച്ചു. ഇത്തരമൊരു വാർത്ത തന്റെ ശ്രദ്ധയിൽ പെട്ടെന്നും ആ സമയം ഞാനും ഭാര്യയും സ്ഥലത്തില്ലെന്നും തനിക്ക് ഒരു ഗ്രൂപ്പും ഇല്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ഉത്തരവാദപ്പെട്ട ഒരു പോസ്റ്റിൽ ഇരിക്കുന്ന ആളാണ് താനെന്നും ആർക്കും ഒരു ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും നഗരമധ്യത്തിലുള്ള തന്റെ വീട്ടിൽ വരാമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു യോഗം. യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജനറൽസെക്രട്ടറി സിബി ചേനപ്പാടി എന്നിവരുൾപ്പെടെ കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന കോട്ടയം ജില്ലയിലെ പാർട്ടി നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ തിരുവഞ്ചൂർ പക്ഷം നേതാക്കൾ നേട്ടമുണ്ടാക്കിയിരുന്നു. തിരുവഞ്ചൂരിന്റെ വീട്ടിൽ നടന്ന യോഗത്തിൽ ഈ നേതാക്കളും പങ്കെടുത്തതായാണ് പറയുന്നത്.
എന്നാൽ, ഇതൊന്നും അറിഞ്ഞില്ലെന്ന നിലപാടിലാണ് എതിർപക്ഷത്തുള്ള ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ അച്ചടക്കം ലംഘിച്ചുവെന്നാണ് എതിർ ഗ്രൂപ്പിന്റെ പ്രചാരണം. സംഭവത്തിൽ തിരുവഞ്ചൂരിനെതിരെ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകാനാണ് ഇവരുടെ നീക്കം.
ശശി തരൂരിന് സ്വീകരണമൊരുക്കുന്നതിനെ ചൊല്ലി ഡി.സി.സി നേതൃത്വവുമായി തെറ്റിയ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് അടക്കം വലിയൊരു വിഭാഗം തിരുവഞ്ചൂരിനെ പിന്തുണക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എ ഗ്രൂപ്പിലെ ഇരു വിഭാഗവും തിരുവഞ്ചൂരിന്റെയും കെ.സി ജോസഫിന്റെയും നേതൃത്വത്തിൽ വെവ്വേറെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തിയതും വാർത്തയായിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് എ ഗ്രൂപ്പിന്റെ ശക്തരായ രണ്ട് തൂണുകളായിരുന്നു മുൻ മന്ത്രിമാരായ കെ.സി ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും. എന്നാൽ, സോളാർ വിവാദത്തിൽ ജോപ്പന്റെ അറസ്റ്റോടെ അന്നത്തെ അഭ്യന്തര മന്ത്രിയെന്ന നിലയ്ക്ക് തിരുവഞ്ചൂരിനെതിരെ പ്രതിഷേധവും ഒളിയമ്പുമായി പലപ്പോഴും കെ.സി ജോസഫ് രംഗത്തുവന്നിരുന്നു. പുറത്ത് ഇരുവരും ഒറ്റക്കെട്ടാണെങ്കിലും ഉമ്മൻചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന്റെ പിതൃത്വം അവകാശപ്പെട്ട് ഇരുവരും തമ്മിൽ ശക്തമായ ശീതസമരമുണ്ട്. ഇത് അണികളിലും സ്വാഭാവികമായി പലേടത്തും പ്രകടവുമാണ്.