(പെരിങ്ങത്തൂർ) കണ്ണൂർ - കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ സൗത്ത് പണിയാരത്ത് പുലി കിണറ്റിൽ വീണു. നിർമാണത്തിലുള്ള വീടിന്റെ കിണറ്റിലാണ് പുലി വീണത്. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘവും തലശ്ശേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
പുലിയെ കിണറ്റിൽനിന്ന് രക്ഷിക്കാൻ ശ്രമം തുടരുകയാണ്. പുലിയെ മയക്കുവെടിവെക്കാൻ ഉത്തരവ് ലഭിച്ചതായി ഡി.എഫ്.ഒ പി കാർത്തിക് പറഞ്ഞു. ഇതിനായി വൈകുന്നേരത്തോടെ വയനാട്ടിൽ നിന്നുള്ള വനംവകുപ്പിന്റെ പ്രത്യേക സംഘം ഇവിടെയെത്തും.
മയക്കുവെടി വെക്കു മുമ്പായി കിണറ്റിലെ വെള്ളം വറ്റിക്കണമെന്നാണ് അധികൃതരുടെ നിർദേശം. വെള്ളം വറ്റിക്കാതെ മയക്കുവെടി വെച്ചാൽ അത് പുലിയുടെ ജിവൻ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കിണറ്റിൽ ഏകദേശം രണ്ടുമീറ്ററോളം ആഴത്തിൽ വെള്ളമുണ്ട്. ഇത് വറ്റിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.