Sorry, you need to enable JavaScript to visit this website.

'സർക്കാർ അറിയണം, രാഹുലിനെ ആരാണ് ക്ഷണിച്ചത്?' -നിലമ്പൂരിലെ റോഡ് വിവാദത്തിൽ മുഖ്യമന്ത്രി

മലപ്പുറം - വയനാട് എം.പി രാഹുൽ ഗാന്ധി എത്തുംമുമ്പേ സ്ഥലം എം.എൽ.എ ഉദ്ഘാടനം ചെയ്ത നിലമ്പൂരിലെ റോഡ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമിച്ച എട്ടു റോഡുകൾ രാഹുൽഗാന്ധി ഇന്ന് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യാനിരിക്കെ ഇന്നലെ പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, രാഹുൽഗാന്ധി റോഡ് ഉദ്ഘാടനം ചെയ്യുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 റോഡുകളുടെ നിർമാണോദ്ഘാടനം രാഹുൽ ഗാന്ധിയാണെന്ന് തീരുമാനിച്ചത് ആരാണെന്നും ഏത് പദ്ധതിയും ഉദ്ഘാടനം ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ അറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 
 എന്നാൽ, പി.വി അൻവർ ഉദ്ഘാടനം നിർവ്വഹിച്ചത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദേശം ലംഘിച്ചാണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശം. പി.എം.ജി.എസ്.വൈ റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സർക്കുലറിലുള്ളതെന്നും പി.വി അൻവറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം,കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാന സർക്കാറിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകൾ നിർമിക്കുന്നതെന്നും താൻ നൽകിയ നിർദേശ പ്രകാരമാണ് ഈ റോഡുകൾക്ക് അനുമതി ലഭിച്ചതെന്നും രാഹുൽ ഗാന്ധിയെ കോൺഗ്രസുകാർ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നുവെന്നുമാണ് സ്ഥലം എം.എൽ.എ അൻവറിന്റെ വാദം. ഇതിന് പച്ചക്കൊടി വിശുന്ന നിലപാടാണ് വിവാദത്തിൽ മുഖ്യമന്ത്രിയും സ്വീകരിച്ചത്. 
 അതിനിടെ, കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളിൽ എത്തിച്ചതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ പ്രശംസിച്ചതോടൊപ്പം മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തലുമുണ്ടായി. കൊല്ലത്ത് തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തിയത് ഏറെ ആശ്വാസകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇത്തരത്തിലുള്ള സംഭവങ്ങൾ നാട്ടിലുണ്ടാകുമ്പോൾ മാധ്യമങ്ങൾ കുറച്ചുകൂടി കരുതലോടെയും ഔചിത്യത്തോടെയും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, വല്ലാത്ത ദു:ഖം അനുഭവിക്കുന്നവരുടെ മുമ്പിലേക്ക് മൈക്കുമായി പോയി ഔചിത്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത്. മാധ്യമങ്ങൾ അന്വേഷണ പുരോഗതി റിപോർട്ട് ചെയ്യുമ്പോൾ കുറ്റവാളികൾക്ക് സഹായമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 കൊല്ലത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ അഹോരാത്രം പരിശ്രമിച്ച പോലീസ് സേനാംഗങ്ങളെയും നാട്ടുകാരെയും മാധ്യമങ്ങളെയുമെല്ലാം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ സഹോദരനെ പ്രത്യേകം അഭിനന്ദിക്കുന്നു. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. വിവരങ്ങൾ അപ്പപ്പോൾ എത്തിക്കുന്നതിൽ, അതിലൂടെ ജനങ്ങളെ ജാഗരൂഗരാക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് പോലീസും നാട്ടുകാരുമെല്ലാം ചേർന്ന് കുട്ടിക്ക് വേണ്ടി നടത്തിയത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ആകുമെന്നാണ് പ്രതീക്ഷ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News