Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി ഇന്ന് നിര്‍മ്മണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ തന്നെ പി വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം - രാഹുല്‍ ഗാന്ധി എം പി ഇന്ന് നിര്‍മ്മണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ തന്നെ പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിലമ്പൂരിലെ  പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് പി വി അന്‍വര്‍ എം എല്‍ എ നിര്‍വഹിച്ചത്. ഇന്ന് വൈകുന്നേരം  രാഹുല്‍ ഗാന്ധിയാണ് ഈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തുകയെന്നാണ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഫ്‌ളകസുകള്‍ സ്ഥാപിക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. പി വി അന്‍വറിന്റെ  നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന്  കോണ്‍ഗ്രസ് ആരോപിച്ചു. പി വി അന്‍വര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. അതേസമയം  കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകള്‍ നിര്‍മിക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് ഈ റോഡുകള്‍ക്ക് അനുമതി ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.  രാഹുല്‍ ഗാന്ധി എം പി ഇന്ന് മലപ്പുറം ജില്ലയിലെത്തുന്നുണ്ട്. രാവിലെ കടവ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സീതി ഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. വണ്ടൂരിലും ചുങ്കത്തറയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

 

Latest News