കൊച്ചി-കോട്ടയത്ത് വനിതാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ അസഭ്യം വിളിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകര്‍ക്കെതിരെയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി എടുത്തിരിക്കുന്നത്.അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസ് നാളെയാണ് പരിഗണിക്കുന്നത്. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെ അടക്കം പ്രതി ചേര്‍ത്തിട്ടുണ്ട്. കോടതിയുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെടുത്തിയെന്നും അഭിഭാഷകരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ ജഡ്ജിയും, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ''പോടീ പുല്ലേ സി.ജെ.എമ്മേ' എന്നടക്കം വിളിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ജൂനിയര്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചത്. അഭിഭാഷകര്‍ കോടതി നടപടികള്‍ എട്ട് മിനിട്ടോളം തടസപ്പെടുത്തിയതായി മജിസ്ട്രേട്ട് ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.
സംഭവം ഇങ്ങനെ-2013 ല്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട മണര്‍കാട് സ്വദേശി രമേശന്‍ കരമടച്ച വ്യാജ രസീതുണ്ടാക്കി അഡ്വ.പി.എം നവാബ് വഴി കോടതിയില്‍ നിന്ന് ജാമ്യം നേടി. തുടര്‍ന്ന് നല്‍കിയ അപ്പീല്‍ കോടതി തള്ളിയതോടെ ഇയാള്‍ മുങ്ങി. പിന്നാലെ രണ്ട് ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി. താന്‍ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരന്‍ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. ഇതോടെ സി.ജെ.എം കോടതിയിലെ ശിരസ്തദാര്‍, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ രമേശനെ ഒന്നാം പ്രതിയാക്കിയും അഡ്വ.പി.എം നവാബിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കുകയായിരുന്നു.