Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്‍ ഇടപെട്ടു, ഒടുവില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വഴങ്ങി

ഗുവാഹത്തി - രണ്ടു മാസത്തോളമായി ലോകകപ്പിനായി ഇന്ത്യയിലുള്ള കളിക്കാര്‍ക്ക് ട്വന്റി20 പരമ്പരയിലും വിശ്രമം നല്‍കാത്ത ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാടിനെതിരെ കനത്ത വിമര്‍ശനം. കളിക്കാര്‍ റോബോട്ടുകളല്ലെന്ന് ലോകകപ്പ് ചാമ്പ്യന്‍ ടീമിന്റെ നായകന്‍ പാറ്റ് കമിന്‍സ് തുറന്നടിച്ചു. തുടര്‍ന്ന് ലോകകപ്പ് ടീമിലുള്ള ആറ് കളിക്കാര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശ്രമം പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ അവസാന ട്വന്റി20ക്കുള്ള ടീമില്‍ പുതിയ കളിക്കാരെ ഉള്‍പെടുത്തി. 
ലോകകപ്പ് ടീമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത്, ആഡം സാംപ എന്നിവര്‍ ഗുവാഹത്തിയിലെ മൂന്നാം മത്സരത്തിന് മുമ്പെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെലും ജോഷ് ഇന്‍ഗ്ലിസും ഷോണ്‍ ആബട്ടും മാര്‍ക്കസ് സ്‌റ്റോയ്‌നിസും ബുധനാഴ്ച നാട്ടിലേക്ക് തിരിക്കും. ഇതില്‍ ആബട്ട് ഒഴികെയുള്ളവര്‍ ഗുവാഹത്തിയില്‍ കളിച്ചു. ട്രാവിസ് ഹെഡ് മാത്രമായിരിക്കും ഇന്ത്യയില്‍ തുടരുന്ന ഏക ലോകകപ്പ് താരം. ലോകകപ്പ് ടീമിനൊപ്പം റിസര്‍വായി സഞ്ചരിച്ച തന്‍വീര്‍ സംഗക്കും വിശ്രമം അനുവദിച്ചിട്ടില്ല. പകരം ജോഷ് ഫിലിപ്പ്, ബെന്‍ മക്ഡര്‍മട്, ബെന്‍ ദ്വാര്‍ഷൂയിസ്, ക്രിസ് ഗ്രീന്‍ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നു. 
ആദ്യ രണ്ട് കളികളിലും ഇന്ത്യയുടെ യുവനിരക്കെതിരെ ഓസ്‌ട്രേലിയ പരുങ്ങിയതാണ് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിനെ മാത്രമേ ഉള്‍പെടുത്തിയിട്ടുള്ളൂ. അതേസമയം ഓസീസ് ടീമില്‍ ഏഴു പേരുണ്ടായിരുന്നു. ഡേവിഡ് വാണറും ടീമിലുണ്ടായിരുന്നുവെങ്കിലും ആദ്യ മത്സരത്തിന് മുമ്പ് പിന്മാറി. ഓസീസിന് തിരക്കേറിയ സീസണാണ് വരാനിരിക്കുന്നതെന്നത് പോലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ലോകകപ്പിനായി സര്‍വം സമര്‍പ്പിച്ച കളിക്കാരോടാണ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും കളിക്കാന്‍ ആവശ്യപ്പെട്ടതെന്നും തിരക്കേറിയ സീസണ്‍ വരാനിരിക്കുന്നതിനാല്‍ യുവ കളിക്കാരെ പരീക്ഷിക്കാനുള്ള നല്ല അവസരമായിരുന്നു ഇന്ത്യക്കെതിരായ പരമ്പരയെന്നും കമിന്‍സ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പര 14 ന് പെര്‍ത്തില്‍ ആരംഭിക്കുകയാണ്. ഈ പരമ്പരക്കു ശേഷം വാണര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും. 

Latest News