Sorry, you need to enable JavaScript to visit this website.

പ്രവാസികൾ കേരളീയ നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാർ -കെ.എ. ഷഫീഖ്

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് റിയാദിൽ സംസാരിക്കുന്നു.

റിയാദ് - ജാതീയവും സാമൂഹികവുമായ പതിതാവസ്ഥയിൽ നിന്ന് ഉണർന്നെണീറ്റ കേരളീയ നവോഥാനത്തിന് സാമ്പത്തിക വളർച്ചയുടെ രണ്ടാം നവോഥാനം സമ്മാനിച്ചത് പ്രവാസി മലയാളികളാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്. കരയും കടലും കടന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പാലായനം ചെയ്ത മനുഷ്യരുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളമെന്നും അതിൽ ഒരു സർക്കാറിനും മൗലികമായ സംഭാവനയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി വെൽഫെയർ റിയാദിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ പ്രതിശീർഷ വരുമാനം, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ഉന്നതി തുടങ്ങി ജീവിത നിലവാരത്തിന്റെ സൂചികയിൽ ഉയർന്നു നിൽക്കുന്നത് മുഴുവൻ പ്രവാസികളുടെ പോരാട്ടത്തിന്റെ ഫലമാണ്. നാടിന്റെ ബഹുമുഖ മേഖലയെ ശക്തിപ്പെടുത്തുക എന്നതോടൊപ്പം നമ്മുടെ രാഷ്ട്രീയ സാമൂഹിക ബോധത്തെ പ്രവാസ ലോകത്ത് പ്രതിനിധാനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവരാണ് പ്രവാസികളെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സമൂഹത്തോടുള്ള ഗവണ്മെന്റുകളുടെ സമീപനം ഒട്ടും ആശാവഹമല്ല എന്നതാണ് യാഥാർഥ്യം'.

ഇന്ത്യ എന്നത് ഒരു വലിയ ജനാധിപത്യ വികസ്വര രാജ്യമെന്നാണ് നാം ലോകത്തോട് പറയാറുള്ളത്. എന്നാൽ പുരോഗതിയുടെ എല്ലാ ഇൻഡക്‌സുകളിലും അവസാന ഭാഗത്തുള്ള നാം വെറുപ്പ് ഉൽപാദിപ്പിക്കുന്നതിലാണ് ഒന്നാം സ്ഥാനത്തുള്ളത്. പത്ര സ്വാതന്ത്ര്യത്തിൽ ഏറ്റവും പിറകിലാണ് ഇന്ത്യ. ലോകം മുഴുവൻ ഇസ്രായേൽ നരഹത്യകളെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ നമ്മുടെ രാജ്യത്തെ ജനങ്ങളും ഗവണ്മെന്റും നെതന്യാഹുവിന് പിന്തുണ നൽകുന്നത് അങ്ങേയറ്റം വിരോധാഭാസമാണെന്ന് ഷഫീഖ് പറഞ്ഞു. 'ഇന്ത്യ പലസ്തീനിനോടൊപ്പ'മെന്ന ചരിത്ര യാഥാർഥ്യത്തെയാണ് നാം നിരാകരിക്കുന്നത്. ഒരു ജനത മാത്രമല്ല, ഭരണകൂടം തന്നെ ഫാസിസ്റ്റ്-സയണിറ്റ് വൽക്കരിക്കപ്പെട്ടതിന്റെ അടയാളമാണിത്. വംശീയതയുടെയും നാസിസത്തിന്റെയും വെറികൾക്കെതിരെ ഉറച്ചു നിൽക്കാൻ ഒറ്റമനസ്സോടെ കേരളീയ സമൂഹം കാണിച്ച സന്നദ്ധതയെ അദ്ദേഹം പ്രശംസിച്ചു.

ഫാസിസത്തോട് കൃത്യവും വ്യക്തവുമായ നിലപാടുകൾ നമ്മുടെ പല മതേതര കക്ഷികൾക്കുമില്ല. വ്യാജമായ ആഖ്യാനങ്ങൾക്കനുസരിച്ചു സവർണ ബോധത്തെ അരക്കിട്ടുറപ്പിക്കുവാനും ന്യുനപക്ഷ കീഴാള വിഭാഗങ്ങളെ അരികുവൽക്കരിക്കുവാനുമാണ് അവർ ശ്രമിക്കുന്നത്. സംഘപരിവാറിനെ  ആശയത്തിലും അർത്ഥത്തിലും ആഴത്തിൽ നേരിടുകയാണ് വേണ്ടേത്. നിർഭയമായി വെൽഫെയർ പാർട്ടി ഇക്കാലമെത്രയും നിർവഹിക്കുന്നത് അതാണെന്ന് അദ്ദേഹം പറഞ്ഞു.

'കേരളത്തെ കണ്ടെത്താ'നുള്ള മന്ത്രിസഭയുടെ എഴുന്നള്ളത്ത് കേവല രാഷ്ട്രീയ പ്രഹസനമാണ്. മൂലധന ശക്തികൾക്ക് അരിയിട്ട് വാഴ്ച നടത്തുകയും സാധാരണ മനുഷ്യർക്ക് ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്. വിലക്കയറ്റവും വ്യവസ്ഥാപിതമായ അഴിമതിയും സ്വജനപക്ഷപാതിത്വവും വർധിച്ചു. ഭൂരഹിതരായ ആളുകളുടെ വിലാപങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല. ജാതി വിവേചനവും സാമുദായികമായ അവിശ്വാസവും വളർന്നു. നീതിനിഷേധങ്ങളെ പ്രശ്‌നവൽക്കരിക്കുകയും വിവേചനങ്ങളോട് നിരന്തരം പ്രക്ഷോഭം നടത്തുകയുമാണ് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനമെന്ന് കെ.എ. ഷഫീഖ് പറഞ്ഞു.

വിവിധ സെഷനുകാലികളായി നടന്ന പരിപാടികളിൽ പ്രവാസി വെൽഫെയർ സൗദി നാഷണൽ പ്രസിഡന്റ് സാജു ജോർജ്ജ്, പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട്, ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റുമാരായ അജ്മൽ ഹുസൈൻ, അഷ്‌റഫ് കൊടിഞ്ഞി, സെക്രട്ടറി ഷഹനാസ് സാഹിൽ, ട്രഷറർ എം.പി. ഷഹ്ദാൻ എന്നിവർ സംസാരിച്ചു. 
 

Latest News