റിയാദ്- വേള്‍ഡ് എക്‌സ്‌പോ 2030 പോരാട്ടത്തില്‍ സൗദി അറേബ്യക്ക് വിജയം. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി അറേബ്യ 2030 ലെ വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയും ശതകോടികളുടെ ഡോളര്‍ നിക്ഷേപത്തെയും ആകര്‍ഷിക്കുന്ന 2030 ലോക മേളക്ക് റിയാദ് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 130 രാജ്യങ്ങളാണ് സൗദിയെ പിന്തുണച്ചത്.
മൂന്നു രാജ്യങ്ങളും ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷനിലെ 182 അംഗരാജ്യങ്ങളില്‍ നിന്ന് വോട്ട് നേടുന്നതിന് ഏതാനും മാസങ്ങളായി കഠിനപ്രയത്‌നത്തിലായിരുന്നു. ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ നഗരമായ ബുസാന്‍, ഇറ്റലിയിലെ റോം എന്നിവയ്‌ക്കെതിരെയാണ് സൗദി അറേബ്യയിലെ റിയാദ് മത്സരിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വലിയ ഊന്നല്‍ നല്‍കിയാണ് റോം മത്സരിച്ചത്. 1950-53 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് 2030 ലോക മേള ബുസാനില്‍ നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പറഞിഞ്ഞത്..
ജനറല്‍ അസംബ്ലി മീറ്റിംഗ് നടക്കുന്നതിന് മുന്നോടിയായി സൗദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പാരീസില്‍ മീഡിയ ഓയാസിസ് എന്ന പേരില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങി ഇന്ന് (ചൊവ്വ) ആണ് എക്‌സിബിഷന്‍ സമാപിച്ചത്. സെപ്തംബര്‍ 9, 10 തിയ്യതികളില്‍ ഇന്ത്യയില്‍ ജി 20 ഉച്ചകോടിയോടനുബന്ധിച്ച് മീഡിയ ഓയാസിസ് സംഘടിപ്പിച്ച ശേഷമായിരുന്നു പാരീസില്‍ പോയത്. റിയാദിലെ വനവത്കരണം, കിംഗ് സല്‍മാന്‍ പാര്‍ക്ക്, റിയാദ് ആര്‍ട്ട്, കിംഗ് സല്‍മാന്‍ വിമാനത്താവളം അടക്കമുള്ള പ്രധാന ദേശീയ പദ്ധതികളും സംരംഭങ്ങളും പ്രദര്‍ശിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ രാജ്യം കൈവരിച്ചുവരുന്ന പരിവര്‍ത്തനം ഉയര്‍ത്തിക്കാട്ടുകയായിരുന്നു മീഡിയ ഓയാസിസ്. അതോടൊപ്പം ജനറല്‍ അസംബ്ലി യോഗത്തിനെത്തുന്ന പ്രാദേശിക, അന്തര്‍ദേശീയ മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ആധുനികവും നൂതനവുമായ മാധ്യമ സേവനങ്ങള്‍ നല്‍കാനും മീഡിയ ഓയാസീസ് വേദിയായി. ഇങ്ങളെ സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും എക്‌സ്‌പോ 2030 സംഘടിപ്പിക്കാനുള്ള റിയാദിന്റെ അര്‍ഹത കാണിച്ചുകൊടുക്കുകയായിരുന്നു സൗദി.
ഇതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിന് വിവിധ പാക്കേജുകള്‍ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. പവലിയന്‍ നിര്‍മാണം, പരിപാലനം, സാങ്കേതിക പിന്തുണ, യാത്രകള്‍, ഇവന്റുകള്‍ എന്നിവക്കായി 100 ഓളം രാജ്യങ്ങളെ സഹായിക്കുന്നതിന് 343 മില്യന്‍ ഡോളറിന്റെ സഹായം സൗദി വകയിരുത്തുകയും ചെയ്തു. കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ യൂണിയന്‍, 21 രാജ്യങ്ങള്‍ അംഗമായ കോമണ്‍ മാര്‍ക്കറ്റ് ഫോര്‍ ഈസ്‌റ്റേണ്‍ ആന്റ് സതേണ്‍ ആഫ്രിക്ക, ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങള്‍, അറബ്, മുസ്ലിം രാജ്യങ്ങള്‍ എന്നിവയുടെ പിന്തുണ സൗദി ആദ്യമേ ഉറപ്പുവരുത്തിയിരുന്നു. 2020 ല്‍ ദുബായിലാണ് എക്‌സ്‌പോ നടന്നത്. 2025ല്‍ ജപ്പാനിലെ ഒസാക്കയിലാണ് നടക്കുക. 2027ലെ ഏഷ്യന്‍ കപ്പ്, 2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ്, 2034 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയും സൗദിയിലേക്ക് വരാനിരിക്കുകയാണ്. 2034 ലെ വേള്‍ഡ് കപ്പ് എന്നിവയും സൗദിയിലാണ് നടക്കാനിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കുക