Sorry, you need to enable JavaScript to visit this website.

അച്ഛൻ മകനെ കുത്തിക്കൊന്ന കേസിന്റെ വിചാരണ പുനരാരംഭിച്ചു

തലശ്ശേരി- പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്തൊടി വീട്ടിൽ ഷാരോണി (19) നെ പിതാവ് കുത്തിക്കൊന്ന കേസിന്റെ വിചാരണ പുനരാരംഭിച്ചു. വീട്ടിലെ മുറിയിൽ മൊബൈലിൽ നോക്കിയിരിക്കുമ്പോഴാണ് ഷാരോണിനെ പിതാവ് കുത്തിക്കൊന്നത്.
പിതാവായ തേരകത്തൊടി വീട്ടിൽ സജി ജോർജ് (50) ആണ് കേസിലെ പ്രതി. തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചത്. 
2020 ഓഗസ്റ്റ് 15ന് വൈകുന്നേരം വീട്ടിലെ ഡൈനിംഗ് ഹാളിൽ മൊബൈൽ നോക്കിയിരിക്കുകയായിരുന്ന ഷാരോണിനെ പിതാവായ പ്രതി പിന്നിൽ നിന്നും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻ കേസ്. പ്രതിയുടെ ഭാര്യ ഇറ്റലിയിൽ നഴ്‌സാണ്. ഭാര്യ അയക്കുന്ന പണമെല്ലാം പ്രതി മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് പണം ഷാരോണിന്റെ പേരിലാണ് അയച്ചിരുന്നത്. ഈ വിരോധവും പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചു.
സംഭവത്തിന്റെ തലേദിവസം പ്രതി വീട്ടിൽനിന്ന് നാടൻ ചാരായം വാറ്റുന്നതിനെ ഷാരോൺ തടഞ്ഞിരുന്നു. ഇത് വാക്കുതർക്കത്തിലെത്തുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. കയ്യാങ്കളിയിൽ പ്രതിയുടെ ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. 
ഈ വിരോധവും കൊലക്ക് കാരണമായതായി പോലീസ് നൽകിയ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്യു എന്ന ബേബിയുടെ പരാതി പ്രകാരണാണ് പോലീസ് പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തിയത.് എ.സി. സജി, അനൂപ് അലക്‌സാണ്ടർ, ബിനോയ് കുര്യൻ, അഖിൽ ടോമി, ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപ്പിള്ള, ഡോ. മെൽബ, കെ.എസ്.ഇ.ബി എൻജിനീയർ ഷാജ് കുര്യൻ, വില്ലേജ് ഓഫീസർമാരായ വിനീത് എം.എസ്, ജിജു, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, പോലീസ് ഓഫീസർമാരായ എസ്.പി സുധീർ, രമേശൻ, പി.സി. അജിത്ത്കുമാർ, പ്രകാശൻ, എം.എസ്. പ്രമോദ് തുടങ്ങി 42 പേരാണ് പ്രൊസിക്യൂഷൻ സാക്ഷികളായുള്ളത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ.പി. ബിനീഷയാണ് ഹാജരാവുന്നത.് 
പ്രതി ജയിലിന് പുറത്തിറങ്ങിയാൽ ഇളയ കുട്ടിക്ക് ജീവന് ഭീഷണിയാണെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് പ്രതിക്ക് സംഭവ ശേഷം ജാമ്യം നൽകിയിരുന്നില്ല. സംഭവത്തെ തുടർന്ന് പ്രതിക്കെതിരെ നാട്ടുകാർ തിരിഞ്ഞതിനാൽ പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് തന്നെയാണ് പ്രതി വിചാരണ നടപടി നേരിട്ടത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത്കുമാറാണ് ഹാജരാവുന്നത്. നേരത്തെ വിചാരണ ആരംഭിച്ചപ്പോൾ പ്രതിയായ പിതാവ് ജേഷ്ഠനെ കുത്തുന്നത് കണ്ടതായി ഷാരോണിന്റെ അനുജൻ ഷാർലെറ്റ് വിചാരണ കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു.

Latest News