Sorry, you need to enable JavaScript to visit this website.

വ്യാജ ഹജ് പെർമിറ്റ്: രണ്ടംഗ സംഘം അറസ്റ്റിൽ

ജിദ്ദ - ഹജ് കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനുള്ള പ്രത്യേക പെർമിറ്റുകളും കാർഡുകളും വ്യാജമായി നിർമിച്ചു നൽകിയ രണ്ടംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. കന്ദറ ഡിസ്ട്രിക്ടിലെ സ്റ്റുഡിയോ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അറബ് വംശജരെ ദിവസങ്ങൾ നീണ്ട രഹസ്യ നിരീക്ഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. 
വ്യാജ പെർമിറ്റുകളും കാർഡുകളും വിൽപന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞയാഴ്ച ബനീമാലിക് ഡിസ്ട്രിക്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യാജ പെർമിറ്റുകൾ നിർമിക്കുന്ന കേന്ദ്രത്തെ കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചത്. കന്ദറ ബാഖശബ് സ്ട്രീറ്റിൽ നിന്ന് ഒരാളാണ് തങ്ങൾക്ക് വ്യാജ പെർമിറ്റുകൾ നൽകുന്നതെന്നും ആവശ്യക്കാരെ കണ്ടെത്തി വ്യാജ രേഖകൾ വിൽപന നടത്തുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും വ്യാ രേഖകൾ നിർമിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇവർ പറഞ്ഞു. 
ഈ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ രേഖകൾ നിർമിക്കുന്നവരെ കൂടി പിടികൂടുന്നതിന് ജിദ്ദ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി. ദിവസങ്ങളോളം കന്ദറ ഡിസ്ട്രിക്ടിലെ ബാഖശബ് സ്ട്രീറ്റ് രഹസ്യമായി നിരീക്ഷിച്ചാണ് വ്യാജ രേഖാ നിർമാണ സംഘത്തിന്റെ താവളം അന്വേഷണ സംഘം കണ്ടെത്തിയത്. സ്റ്റുഡിയോ റെയ്ഡ് ചെയ്ത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുച്ഛമായ തുകക്കാണ് സംഘം വ്യാജ പെർമിറ്റുകളും കാർഡുകളും വിതരണം ചെയ്തിരുന്നത്. 
വ്യാജ പെർമിറ്റുകൾ നിർമിക്കുന്നതിനുള്ള, മാഗ്നറ്റിക് പാഡ് അടങ്ങിയ 700 ലേറെ കാലി കാർഡുകളും കാർഡുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണവും ഉപയോക്താക്കളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും ഫോട്ടോകൾ പതിക്കുകയും ചെയ്ത് വിതരണത്തിന് തയാറാക്കിയ 250 കാർഡുകളും 19,000 റിയാലും മൂവായിരം ഈജിപ്ഷ്യൻ പൗണ്ടും വിദേശ രാജ്യത്തിന്റെ ഹജ് മിഷന്റെ പേരിലുള്ള ഡസൻ കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകളും ആഭ്യന്തര ഹജ് സർവീസ് കമ്പനികളുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡുകളും ബലി മാംസ പദ്ധതിയുടെ പേരിലുള്ള വ്യാജ കാർഡുകളും മറ്റും ഇവരുടെ താവളത്തിൽ കണ്ടെത്തി. വ്യാജ പെർമിറ്റുകൾ ഉപയോഗിച്ച് അനധികൃത തീർഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച നാലു പേരെ ജിദ്ദയിൽ നിന്ന് കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.   
 

Latest News