അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കേരള ബാങ്കിന്റെ നിയന്ത്രണം യു.ഡി.എഫിന്റെ കൈകളിലെത്തും. അപ്പോൾ മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യം കൂടുതൽ ശക്തമാക്കാനും പാർട്ടിയുടെ ഇപ്പോഴത്തെ ഇടപെടൽ കാരണമായേക്കാം. വരാനിരിക്കുന്ന രാഷ്ട്രീയം കൂടി മുന്നിൽ കണ്ടുള്ള ലീഗിന്റെ നീക്കം കാലം അംഗീകരിച്ചേക്കാം. സർക്കാർ പദ്ധതികളിൽ നിന്ന് രാഷ്ട്രീയത്തിന്റെ പേരിൽ മാറിനിൽക്കുന്നത് ആ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താനാണ് പലപ്പോഴും കാരണമാകുന്നത്.
രാഷ്ട്രീയം കലർന്ന ബാങ്കുകളാണ് സഹകരണ ബാങ്കുകൾ. ദേസസാൽക്കൃത ബാങ്കുകളും ന്യൂജെൻ ബാങ്കുകളും സാമ്പത്തിക ഇടപാടുകളിൽ മാത്രം ശ്രദ്ധ ചെലുത്തുമ്പോൾ സഹകരണ ബാങ്കുകൾ രാഷ്ട്രീയത്തിലും ഇടപെടാറുണ്ട്. പ്രാദേശിക തലങ്ങളിൽ ജനങ്ങളുടെ ധനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനൊപ്പം ഓരോ നാടിന്റെയും രാഷ്ട്രീയ സ്പന്ദനങ്ങളിൽ സഹകരണബാങ്കുകൾക്ക് ഇടമുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് ഏതാനും വർഷം മുമ്പ് കേരള ബാങ്ക് എന്ന പുതിയ ബാങ്ക് നിലവിൽ വന്നപ്പോൾ രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ വെളിപ്പെട്ടു. ഇടതു സർക്കാർ ഈ 14 ജില്ല ബാങ്കുകളെയും ചേർത്ത് കേരള ബാങ്ക് രൂപീകരിച്ചപ്പോൾ അതിൽ ചേരാതെ മാറിനിന്ന ജില്ലയായിരുന്നു മലപ്പുറം. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന മലപ്പുറം ജില്ല സഹകരണ ബാങ്ക്, ഇടതുപക്ഷത്തിന്റെ കേരള ബാങ്ക് ആശയവുമായി ഇടഞ്ഞു നിന്നു.
കോടതി വ്യവഹാരങ്ങൾക്കൊടുവിൽ സംസ്ഥാന സഹകരണ വകുപ്പ് ഏറെക്കുറെ ബലമായി തന്നെ മലപ്പുറം ബാങ്കിനെ ലയിപ്പിക്കുകയായിരുന്നു. അതിനെതിരെ, യു.ഡി.എഫിലെ പ്രബല വിഭാഗത്തിനിടയിൽ ഇപ്പോഴും അതൃപ്തി പുകയുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ബാങ്ക് ഇടതു സർക്കാർ പിടിച്ചെടുത്തപ്പോൾ യു.ഡി.എഫിന്റെ, പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെ സാമ്പത്തിക ഭദ്രതയെ കുറച്ചൊന്നുമല്ല ബാധിച്ചിത്.
സർക്കാർ ഇടപെടലിനോടുള്ള എതിർപ്പ് നിലനിൽക്കുമ്പോഴാണ്, ഏറെക്കുറെ നാടകീയമായി മുസ്‌ലിം ലീഗ് കേരള ബാങ്കുമായി സഹകരിക്കാൻ തുടങ്ങിയത്. കേരള ബാങ്കിന്റെ നയങ്ങൾ രൂപീകരിക്കുകയും ഇടപാടുകളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഡയരക്ടർ ബോർഡിൽ മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. കേരള ബാങ്ക് ലയനത്തിനെതിരെ മലപ്പുറം ബാങ്കിന് മുന്നിൽ മാസങ്ങളോളം സമരം നടത്തുകയും ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തുകയും ചെയ്ത യു.ഡി.എഫുകാരായ സഹകാരികളെ വഞ്ചിക്കുന്ന നിലപാടാണ്
മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിച്ചതെന്ന വിമർശനങ്ങൾ ഉയർന്നു.
പി. അബ്ദുൽ ഹമീദിനെ ജൂദാസ് എന്ന് വിളിച്ച് പോസ്റ്ററുകൾ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടു. ലീഗുകാരായ സഹകാരികൾ പാണക്കാട്ടെത്തി പാർട്ടി പ്രസിഡന്റിനെയും മറ്റു നേതാക്കളെയും കണ്ട് എതിർപ്പുകൾ അറിയിച്ചു. കോൺഗ്രസിനുള്ളിലാകട്ടെ, ഇക്കാര്യത്തിൽ നേതാക്കൾ രണ്ട് തട്ടിലുമായി. കേരള ബാങ്ക് ഡയരക്ടർ ബോർഡിൽ കോൺഗ്രസിന് പ്രതിനിധിയില്ലെന്നിരിക്കേയാണ്, ഇടതുമുന്നണിക്കൊപ്പം മുസ്‌ലിം ലീഗ് ചേരുന്നത് എന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന വിഷയമായി വ്യാഖ്യാനിക്കപ്പെട്ടു. ജില്ലാ യു.ഡി.എഫിന് നേതൃത്വം നൽകുന്ന പി.ടി. അജയ്‌മോഹൻ മുസ്‌ലിം ലീഗ് നിലപാടിൽ എതിർപ്പ് പരസ്യമായി പറഞ്ഞു. അതേസമയം, കോൺഗ്രസിലെ സഹകാരികൾ മുസ്‌ലിം ലീഗ് തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
എതിർപ്പുകൾ നിലനിൽക്കുമ്പോഴും പാർട്ടി തീരുമാനത്തിൽ നിന്ന് പിൻമാറാൻ മുസ്‌ലിം ലീഗ് നേതൃത്വം തയാറായിട്ടില്ല. കേരള ബാങ്കിന്റെ ഘടനയും ജീവനക്കാരുടെ താൽപര്യവും മുൻനിർത്തിയാണ് മുസ്‌ലിം ലീഗ് മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുള്ളത്.
പഴയ സംവിധാനത്തിൽ, സംസ്ഥാന സഹകരണ ബാങ്കിൽ വിവിധ പാർട്ടികളുടെ പ്രതിനിധികൾ ഉണ്ടായിരുന്നു. മുസ്‌ലിം ലീഗും അതിൽ ഉൾപ്പെട്ടിരുന്നു. കേരള ബാങ്ക് രൂപീകരിച്ചപ്പോഴും ഡയരക്ടർ ബോർഡിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്താനുള്ള അവസരങ്ങളുണ്ട്. നേരത്തെ പങ്കാളിത്തമുണ്ടായിരുന്ന ഒരു സംവിധാനത്തിൽ നിന്ന് പൂർണമായും മാറിനിൽക്കുന്നത് പാർട്ടിക്ക് ദോഷമാകുമെന്ന കണക്കുകൂട്ടൽ ലീഗിനുണ്ട്.
പാർട്ടി പ്രവർത്തകർ ഉൾപ്പെടുന്ന ഇടപാടുകാർക്ക് കൂടി നിക്ഷേപമുള്ള ബാങ്കാണ് കേരള ബാങ്ക്. പാർട്ടി പ്രവർത്തകരായ ഒട്ടേറെ പേർ വിവിധ ജില്ലകളിലായി അവിടെ ജീവനക്കാരുമാണ്. അവരുടെയെല്ലാം താൽപര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ കേരള ബാങ്കിന്റെ നയരൂപീകരണ സംവിധാനത്തിൽ പാർട്ടിക്ക് പങ്കാളിത്തം വേണമെന്നത് ശരിയായ തീരുമാനമാണ്. മാത്രമല്ല, ഗ്രാമങ്ങൾ തോറുമുള്ള പ്രാഥമിക സഹകരണ ബാങ്കുകൾ വൈകാതെ കേരള ബാങ്കിൽ ലയിക്കും.
ഇതോടെ മലബാർ മേഖലയിലുള്ള യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നിരവധി ബാങ്കുകളുടെ നിയന്ത്രണവും കേരള ബാങ്കിനാകും. അവിടെ പാർട്ടി ഇടപെടലിന് അവസരമില്ലെങ്കിൽ ദീർഘകാലം അത് പാർട്ടിയെ ദോഷകരമായി ബാധിക്കും. മറ്റൊരു പ്രധാന പ്രശ്‌നം ജീവനക്കാരുടേതാണ്. കേരള ബാങ്കിൽ ചേരാതെ മാറിനിന്നതിനാൽ മലപ്പുറം ജില്ല ബാങ്ക് ജീവനക്കാർക്ക് പ്രൊമോഷനും ശമ്പള വർധനയും ഉൾെപ്പടെ ഒട്ടേറെ ആനുകൂല്യങ്ങൾ നഷ്ടമായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുസ്‌ലിം ലീഗ് നേതൃത്വം ഈ തീരുമാനമെടുത്തതെന്നാണ് കരുതേണ്ടത്. ജില്ല ബാങ്കിന്റെ കാർഷിക വായ്പകളുടെ പലിശ നിരക്കിനേക്കാൾ കുറവാണ് കേരള ബാങ്കിന്റേത് എന്നതിനാൽ, ലയിക്കാതെ മാറിനിന്നത് ജില്ല ബാങ്കിന്റെ ഇടപാടുകാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടതു ഭരണ കാലത്തും സർക്കാർ കൊണ്ടുവരുന്ന പദ്ധതിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയെന്നത് കാലങ്ങളായി മുസ്‌ലിം ലീഗ് കൈക്കൊണ്ടു വരുന്ന നയമാണ്. സാക്ഷരത പദ്ധതിയിലായാലും അക്ഷയ പദ്ധതിയിലായാലും സ്വന്തം ശക്തികേന്ദ്രങ്ങളിലെത്തുമ്പോൾ സർക്കാർ പദ്ധതികളെ തങ്ങൾക്ക് രാഷ്ട്രീയമായി എങ്ങനെ അനുകൂലമാക്കാം എന്ന് മുസ്‌ലിം ലീഗ് ചിന്തിച്ചിട്ടുണ്ട്. പദ്ധതികളുടെ ഗുണം ജനങ്ങൾക്ക് ലഭിക്കാൻ ഇത് സഹായിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കേരള ബാങ്കിന്റെ നിയന്ത്രണം യു.ഡി.എഫിന്റെ കൈകളിലെത്തും. അപ്പോൾ മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യം കൂടുതൽ ശക്തമാക്കാനും പാർട്ടിയുടെ ഇപ്പോഴത്തെ ഇടപെടൽ കാരണമായേക്കാം. വരാനിരിക്കുന്ന രാഷ്ട്രീയം കൂടി മുന്നിൽ കണ്ടുള്ള ലീഗിന്റെ നീക്കം കാലം അംഗീകരിച്ചേക്കാം. സർക്കാർ പദ്ധതികളിൽ നിന്ന് രാഷ്ട്രീയത്തിന്റെ പേരിൽ മാറിനിൽക്കുന്നത് ആ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താനാണ് പലപ്പോഴും കാരണമാകുന്നത്. രാഷ്ട്രീയ ഭിന്നത നിലനിൽക്കുമ്പോഴും സഹകരിക്കാവുന്ന മേഖലകളിലെല്ലാം സഹകരിക്കുകയെന്ന മുസ്‌ലിം ലീഗിന്റെ നയം പ്രായോഗിക രാഷ്ട്രീയത്തിന്റെ കൂടി നയമാണ്.