ജിദ്ദ - മീഡിയ നിയമം ലംഘിക്കുകയും അയൽ രാജ്യങ്ങളിലെ ജനങ്ങളെ കരുതിക്കൂട്ടി അപകീർത്തിപ്പെടുത്തുകയും ചെയ്ത മൂന്നു എക്‌സ് പ്ലാറ്റ്‌ഫോം (ട്വിറ്റർ) ഉപയോക്താക്കൾക്കെതിരെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നടപടികൾ സ്വീകരിച്ചു. അന്വേഷണങ്ങളിൽ മൂവരുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ തെളിയുകയും ഇതിന്റെ അടിസ്ഥാനത്തിൽ നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. സംഭവത്തിൽ ക്രിമിനൽ കേസ് അനുസരിച്ച നടപടികൾ സ്വീകരിക്കാൻ മൂവർക്കുമെതിരായ കേസ് ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു.
സൗഹൃദ, സഹോദര രാജ്യങ്ങളുമായും ജനവിഭാഗങ്ങളുമായുമുള്ള സൗദി അറേബ്യയുടെ ബന്ധങ്ങൾക്ക് കോട്ടംതട്ടിക്കുന്നത് അടക്കം മാധ്യമ ഉള്ളടക്ക നിയമ ലംഘനങ്ങൾ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നിരന്തരം ശക്തമായി നിരീക്ഷിക്കുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.