ലണ്ടൻ - ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പുറംവേദനക്ക് ചികിത്സ തേടുന്നതിനിടയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രോഷത്തോടെ ഗ്രൗണ്ടിലിടിച്ചു. ടീമിന്റെ ബാറ്റിംഗ് ഭാരം മുഴുവൻ ചുമലിലേറ്റേണ്ടി വന്ന ഒരാളുടെ രോഷപ്രകടനമായിരുന്നു അത്. ആദ്യ ടെസ്റ്റിൽ കോഹ്‌ലിയുടെ പ്രകടനം ഇന്ത്യയെ പൊരുതിനിൽക്കാൻ സഹായിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റനെ പുറംവേദന അലട്ടി. ടീം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
നാല് ഇന്നിംഗ്‌സിൽ കോഹ്‌ലിയൊഴികെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനും മുപ്പതിനപ്പുറം കടന്നില്ല. വിദേശ പര്യടനങ്ങളിൽ വേണ്ട സാങ്കേതികമായ തിരുത്തലുകൾ നടത്താൻ ആദ്യമായല്ല ഇന്ത്യൻ ബാറ്റിംഗ് നിരക്ക് സാധിക്കാതെ പോവുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കഗീസൊ റബാദയും വെർനൻ ഫിലാന്ററും സീമും ബൗൺസും പെയ്‌സുമുപയോഗിച്ചാണ് ബാറ്റിംഗ് നിര കീറിമുറിച്ചത്. ഇംഗ്ലണ്ടിൽ ജെയിംസ് ആൻഡേഴ്‌സനും സാം കറണും ക്രിസ് വോക്‌സും സ്റ്റുവാർട് ബ്രോഡും പന്ത് വശങ്ങളിലേക്ക് ചലിപ്പിച്ച് ഇന്ത്യയുടെ ദൗർബല്യം പുറത്തു കൊണ്ടുവന്നു. എജ്ബാസ്റ്റൺ ടെസ്റ്റിൽ ആകെ 130 ഓവറാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ലോഡ്‌സ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഒരു സെഷൻ പോലും ഇന്ത്യൻ ബാറ്റിംഗ് നീണ്ടില്ല. രണ്ടാം ഇന്നിംഗ്‌സിലും ഏറെയൊന്നും മെച്ചപ്പെട്ടില്ല. പരമ്പരയിൽ ഇന്ത്യ നേരിട്ട പന്തുകളിൽ 32 ശതമാനവും കോഹ്‌ലിയുടെ നേരെയായിരുന്നു. മുരളി വിജയ്, ശിഖർ ധവാൻ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർ മൊത്തം നേരിട്ടത് 34 ശതമാനം മാത്രം. ഇന്ത്യയുടെ ഏറ്റവും വലിയ 10 കൂട്ടുകെട്ടിൽ എട്ടിലും കോഹ്‌ലിയുണ്ട്. പരമ്പരയിൽ ഇതുവരെ ഇന്ത്യ ആകെ കെട്ടിപ്പടുത്തത് മൂന്ന് അർധ ശതക കൂട്ടുകെട്ടുകളാണ്.
പന്ത് കളിക്കാതെ വിട്ടാണ് മുരളി ബൗളർമാരെ വരുതിയിൽ നിർത്തിയിരുന്നത്. ആ കഴിവ് നഷ്ടപ്പെട്ടു വരികയാണ്. ശിഖർ ധവാൻ തുടക്കം മുതൽ പരുങ്ങുന്നു. സന്നാഹ മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സിലും അക്കൗണ്ട് തുറന്നില്ല. എജ്ബാസ്റ്റൺ ടെസ്റ്റിലും രണ്ട് ഇന്നിംഗ്‌സിലും അലക്ഷ്യമായ ഷോട്ടുകളിൽ പുറത്തായി. ലോഡ്‌സിൽ നെറ്റ്‌സിൽ പോലും മര്യാദക്ക് ബാറ്റേന്താനായില്ല. കെ.എൽ രാഹുൽ ഒരുപാട് നേരം ക്രീസിൽ ചെലവിട്ടെങ്കിലും പദചലനങ്ങളിലെ ആശയക്കുഴപ്പം മാറിയില്ല. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും ചേതേശ്വർ പൂജാരയുടെയും കാര്യം ഒട്ടും ഭേദമല്ല. നാല് ഇന്നിംഗ്‌സിൽ മൂന്നു തവണ രഹാനെ സ്ലിപ്പിലേക്ക് എഡ്ജ് ചെയ്തു. ഒരു തവണ കീപ്പർക്കും. മുരളി, ശിഖർ, രാഹുൽ, പൂജാര, രഹാനെ എന്നിവരെല്ലാം ചേർന്ന് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരകളിൽ ആകെ ഒരു അർധ ശതകമാണ് നേടിയത്.
ടീമിനെ അടിക്കടി മാറ്റുന്നതും സ്ഥിരത നഷ്ടപ്പെടാൻ കാരണമാണ്. താൻ ക്യാപ്റ്റനായ 37 ടെസ്റ്റിലും കോഹ്‌ലി ടീമിനെ മാറ്റിയിട്ടുണ്ട്. ബാറ്റ്‌സ്മാന്മാരുടെ പ്രശ്‌നം സാങ്കേതിക പിഴവല്ലെന്നും മാനസികമാണെന്നുമാണ് കോഹ്‌ലിയുടെ നിലപാട്. എന്നാൽ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമായി ഇന്ത്യ കളിച്ച അഞ്ച് ടെസ്റ്റിൽ ഒരു തവണ മാത്രമാണ് ടീം 300 കടന്നത്. ആറു തവണ 200 നു താഴെ പുറത്തായി. ശരാശരി ടോട്ടൽ 188 മാത്രമാണ്. ഈ അഞ്ചു ടെസ്റ്റിൽ കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 52.60 ആണ്. ബാക്കി ആരും ഇരുപതിനപ്പുറം പോയില്ല. കോഹ്‌ലി രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും സ്‌കോർ ചെയ്തു. മറ്റെല്ലാവരും കൂടി അടിച്ചത് ഒരൊറ്റ അർധ ശതകം, ജോഹന്നസ്ബർഗിൽ പൂജാര. 10 ഇന്നിംഗ്‌സിൽ ഒമ്പതു തവണയും ആദ്യ പത്തോവറിനിടെ ഒരു വിക്കറ്റെങ്കിലും വീണു. ഉയർന്ന ഓപണിംഗ് കൂട്ടുകെട്ട് 50 മാത്രമാണ്. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്ന മുരളിയുടെ കാര്യമാണ് കഷ്ടം. ഈ 10 ഇന്നിംഗ്‌സിൽ ആറ് തവണയും മുരളി രണ്ടക്കത്തിലെത്തിയില്ല. പൂജാരയാണ് ഒരുപാട് പന്തുകൾ നേരിടുന്നത്. എന്നാൽ എട്ട് ഇന്നിംഗ്‌സിൽ രണ്ടു തവണ മാത്രമാണ് പൂജാര 20 പിന്നിട്ടത്. ആദ്യ മൂന്നു വിക്കറ്റിൽ നേടിയതിനെക്കാൾ ഏറെ റൺസ് ഏഴും എട്ടും സ്ഥാനത്തിറങ്ങുന്ന ബാറ്റ്‌സ്മാന്മാരാണ് സമ്മാനിച്ചത്.
എവിടെയാണ് ഇന്ത്യക്ക് ഏറ്റവുമധികം പിഴച്ചത് എന്നു ചോദിക്കുമ്പോൾ കോഹ്‌ലി ചൂണ്ടിക്കാണിക്കുന്നത് കൂട്ടുകെട്ടുകളുടെ അഭാവമാണ്. ലോഡ്‌സ് ടെസ്റ്റിൽ ഒരു ഹാഫ് സെഞ്ചുറി കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യ പടുത്തുയർത്തിയത്, ഏഴാം വിക്കറ്റിൽ അശ്വിനും ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള 55.
വിദേശ പര്യടനങ്ങളിൽ പുതിയ പന്ത് ബാറ്റ്‌സ്മാന്മാർക്ക് വലിയ വെല്ലുവിളിയാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ വിലയിരുത്തി. ഓപണർമാരാണ് പുതിയ പന്ത് ചെറുത്തുനിൽക്കേണ്ടത്. എങ്കിൽ മധ്യനിരക്ക് സ്‌കോർ കെട്ടിപ്പടുക്കാം. എന്നാൽ ഇന്ത്യൻ ഓപണർമാർ തുടരെ പരാജയപ്പെടുകയാണ്. പരിഹാരം വേണമെങ്കിൽ തുടങ്ങേണ്ടത് ഓപണിംഗിലാണ് - അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏഷ്യക്കു പുറത്തുള്ള ആറ് പരമ്പരകളിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യ ജയിച്ചത്. അത് ദുർബലരായ വെസ്റ്റിൻഡീസിനെതിരെയാണ്. ഇംഗ്ലണ്ടിലെ 59 ടെസ്റ്റിൽ ആറെണ്ണം മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.
കോഹ്‌ലിയുടെ പരിക്ക് ടീമിന് കീറാമുട്ടിയാണ്. വൈസ് ക്യാപ്റ്റൻ രഹാനെയുടെ അവസ്ഥ പരിതാപകരമാണെന്നിരിക്കെ കോഹ്‌ലി കളിക്കുന്നില്ലെങ്കിൽ ആർ. അശ്വിനെ ക്യാപ്റ്റനാക്കാൻ സാധ്യതയേറെയാണ്.