കൊല്ലം - ഇന്നലെ രാത്രി താമസിച്ചത് വലിയൊരു വീട്ടിലെന്ന് അജ്ഞാത സംഘത്തിന്റെ തട്ടിക്കൊണ്ടുപോകലിൽനിന്നും മോചിതയായ ആറുവയസ്സുകാരി അബിഗേൽ സാറയുടെ മൊഴി. ഒരു സ്ത്രീയും മൂന്ന് ആണുങ്ങളുമാണ് ആ വീട്ടിലുണ്ടായിരുന്നത്. രാത്രി അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ വായപൊത്തി, ഒറ്റയ്ക്കിരുത്തി ഭക്ഷണം നല്‍കിയശേഷം കാർട്ടൂൺ കാണിച്ചു തന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
നാടിനെ പരിഭ്രാന്തിയിലായ്ത്തി, 21 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനിയിൽനിന്ന് കണ്ടെത്തിയത്. മഞ്ഞയും പച്ചയും ചുരിദാർ ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ ഓട്ടോറിക്ഷയിൽ ഇവിടെ എത്തിച്ചതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ എസ്.എൻ കോളേജിലെ വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്. തുടർന്ന് ആളുകൾ ചുറ്റും കൂടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പ്രതികൾക്കു വേണ്ടിയുള്ള പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.