ജിദ്ദ - ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകൻ അംറ് അദീബിന് സൗദി പൗരത്വം ലഭിച്ചു. ഇക്കാര്യം അംറ് അദീബ് തന്നെയാണ് അറിയിച്ചത്. സൗദി പൗരത്വം നൽകി തന്നെ ആദരിച്ചതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അംറ് അദീബ് നന്ദി പറഞ്ഞു. തനിക്കിപ്പോൾ സൗദി പൗരത്വവും ഈജിപ്ഷ്യൻ പൗരത്വവുമുണ്ട്. 30 വർഷമായി സൗദി മാധ്യമങ്ങൾക്കു വേണ്ടി വിദേശങ്ങളിൽ താൻ ജോലി ചെയ്യുന്നു.
സൗദി പൗരത്വം അനുവദിച്ചുള്ള ഈ ബഹുമതി ഒരു ഉത്തരവാദിത്തമാണ്. അറബ് ലോകത്തെ രണ്ടു കേന്ദ്ര രാജ്യങ്ങളായ സൗദി അറേബ്യക്കും ഈജിപ്തിനുമിടയിൽ ഉഭയകക്ഷിബന്ധങ്ങൾ ശക്തമാക്കുന്ന ഒരു പാലമായി മാറാനാണ് ആശിക്കുന്നത്. വിഷൻ 2030 പശ്ചാത്തലത്തിൽ സൗദി അറേബ്യ വലിയ പുരോഗതിക്കാണ് സാക്ഷ്യം വഹിക്കുന്നത്. സൗദി അറേബ്യ സന്ദർശിക്കുന്നവരോട് സൗദി പൗരന്മാർ ഏറ്റവും നല്ല നിലയിലാണ് പെരുമാറുന്നതെന്നും അംറ് അദീബ് പറഞ്ഞു.