ദമാം - ഈ വർഷം കിഴക്കൻ പ്രവിശ്യയിൽ 56,561 പേർ ഇസ്‌ലാം ആശ്ലേഷിച്ചതായി കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ അറിയിച്ചു. ജനുവരി ആദ്യം മുതൽ നവംബർ അവസാനം വരെയുള്ള കാലത്താണ് ഇത്രയും പേർ ഇസ്‌ലാം ആശ്ലേഷിച്ചത്. ഇക്കൂട്ടത്തിൽ 41,609 പേർ പുരുഷന്മാരും 14,952 പേർ വനിതകളുമാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇസ്‌ലാം ആശ്ലേഷിച്ചത്.
മതപ്രഭാഷണങ്ങൾ, ക്ലാസുകൾ, സെമിനാറുകൾ, മാർഗനിർദേശങ്ങൾ, ശിൽപശാലകൾ, പ്രബോധന പര്യടനങ്ങൾ, ഇനീഷ്യേറ്റീവുകൾ എന്നിവ വഴി കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നു. കമ്പനികൾ, ആശുപത്രികൾ, വിദേശികൾ തടിച്ചുകൂടുന്ന സ്ഥലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യുമുള്ള പ്രബോധകർ ഫീൽഡ് പ്രബോധനങ്ങൾ നടത്തുന്നതായും കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ പറഞ്ഞു.